എരുമപ്പെട്ടി: നാടക പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള രണ്ടാമത് ഗ്രാമകം പുരസ്‌കാരത്തിന് ശേഖരൻ അത്താണിക്കലിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമകം സംഘാടക സമിതി ചെയർമാൻ ഡോ.വി.കെ. വിജയൻ, അന്താരാഷ്ട്ര നാടകോത്സവങ്ങളുടെ കോ-ഓർഡിനേറ്റർ കേശവൻ, അഭിനേതാവും സംവിധായകനുമായ സി.ആർ. രാജൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, സംഘാടകൻ എന്നീ മേഖകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് വേലൂർ സ്വദേശി ശേഖരൻ അത്താണിക്കൽ. നാഗ ശിൽപങ്ങൾ എന്ന നാടകത്തിന് 1971 ലെ കേരള സംഗീത നാടക അക്കാഡമിയുടെ ഏറ്റവും മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രചനയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത കള്ളക്കോലങ്ങൾ ജില്ലയിലെ ആദ്യതെരുവ് നാടകങ്ങളിൽ ഒന്നാണ്.