 
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോർജ്ജം സോളാർ ഗ്രാമം പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റ് അവതരണ വേളയിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രശംസ. പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പ്രാദേശിക സർക്കാരുകളുടെ പങ്കിന് മാതൃകയായി പദ്ധതിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സഹകരണ ബാങ്ക് , സോളാർ എനർജി കോർപറേഷൻ ഒഫ് ഇന്ത്യ, കെ.എസ്.ഇ.ബി ലിമിറ്റഡ് എന്നിവയുടെ പൊതുപങ്കാളിത്തത്തോടെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് പെരിഞ്ഞനമാണെന്നും അദ്ദേഹം പരാമർശിച്ചു. പെരിഞ്ഞനം മാതൃകയാക്കി മറ്റ് ജില്ലകളിലും സോളാർ പദ്ധതി നടപ്പിലാക്കാനും പലിശ ഇളവ് അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കേരളത്തിന് മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതിയെ വിശേഷിപ്പിച്ചിരുന്നു. പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റ് സച്ചിത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഭരണസമിതിയുടെ പ്രധാനപദ്ധതിയാണ് പെരിഞ്ഞനോർജ്ജം. പദ്ധതിയുടെ ഉദ്ഘാടനം 2019 സെപ്തംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പെരിഞ്ഞനം ഗവ.യു.പി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച പാനലിൽ നിന്നും സ്‌കൂളിന്റെ ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി പഞ്ചായത്തിലെ 850 എൽ.ഇ.ഡി തെരുവു വിളക്കുകൾ കത്തിക്കാനായി ഉപയോഗിക്കുന്നു. ഓരോ വീട്ടിൽ നിന്നും 2 കിലോവാട്ട് വീതം വൈദ്യുതി ഉൽപാദിപ്പിച്ച് കോമൺപൂളിലേക്ക് ഗ്രിഡ് ചെയ്യുന്നു. പദ്ധതി നടത്തിപ്പിനായി പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് വായ്പ ലഭ്യമാക്കി. പദ്ധതിക്ക് സംസ്ഥാന സർക്കാറിന്റെ അക്ഷയ ഊർജ്ജ പുരസ്‌കാരം 2020 ൽ ലഭിച്ചിട്ടുണ്ട്.
പെരിഞ്ഞനോർജ്ജം ഇങ്ങനെ