ചാലക്കുടി: രണ്ടുകൈ മലയിലുണ്ടായ കാട്ടുതീ പൂർണമായും നിയന്ത്രണ വിധേയമായി. എന്നാൽ കോർമലയുടെ പിൻഭാഗത്ത്് കാട്ടിൽ ഇപ്പോഴും പുക ഉയരുന്നുണ്ടെന്ന്് നാട്ടുകാർ പറഞ്ഞു. തുണ്ടുകാട് റിസർവ് വനത്തിലാണ് ഇപ്പോഴും തീ പടരുന്നതെന്ന് പറയുന്നത്. ബുധനാഴ്ചയോടെ തീപിടുത്തത്തിന് ശമനമുണ്ടായെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും മറ്റിടങ്ങളിലേയ്ക്ക് പകരുകയായിരുന്നു. എന്നാൽ വനപാലകരുടെ കഠിന പ്രയത്‌നത്താൽ വെള്ളിയാഴ്ച പകലോടെ തീ അണയ്ക്കാനായി. കഴിഞ്ഞ ദിവസം രാത്രി 35-ഓളം ജീവനക്കാർ ചേർന്ന് ഫയർലൈൻ ഒരുക്കുകയും രാവിലെ മുതൽ തീ തല്ലിക്കെടുത്തൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ കൊന്നക്കുഴി മേഖലയിലെ തേനിട്ടാംപാറ മലയിലുണ്ടായ തീപിടുത്തവും അണച്ചു. പരിയാരം റേഞ്ചിൽപെട്ട പണ്ടാരംപാറ മലയിൽ ഇതിനകം ആയിരം ഏക്കറിൽ കൂടുതൽ വനം കത്തിനശിച്ചെന്നാണ് വിവരം. അടിക്കാടുകൾക്കൊപ്പം നിരവധി പാഴ്മരങ്ങൾക്കും തീപിടിച്ചു. തേക്ക് മരങ്ങളും കത്തിയമർന്നു. വർഷങ്ങളായി ഇവിടെ ചവറുകളും ഉണങ്ങിയ മരച്ചില്ലകളും നിറഞ്ഞു കിടക്കുകയാണ്. ഇക്കാരണത്താൽ കാട്ടുതീക്ക് ആക്കം കൂടുകയായിരുന്നു.