എരുമപ്പെട്ടി: വേലൂർ പഞ്ചായത്ത് 13-ാം വാർഡിൽ വെങ്ങിലശേരി കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കുന്നംകുളം ജലാശയത്തിൽ സാമൂഹിക വിരുദ്ധർ വിഷം കലർത്തിയതായി പരാതി. നിരവധി മത്സ്യങ്ങളാണ് ചത്ത് പൊന്തിയിരിക്കുന്നത്. സമീപ പ്രദേശത്തുള്ളവർ കാർഷിക വൃത്തിക്കും മൃഗങ്ങളെ കഴുകുന്നതിനും മറ്റും ആശ്രയിച്ചിരുന്ന ജലശയമാണിത്. കൂടാതെ പഞ്ചായത്തിൽ നിന്നും ഈ വർഷം കുളത്തിലെ മത്സ്യം ലേലം കൊണ്ട വ്യക്തിക്കും കനത്ത നഷ്ടമാണ് ഇതുകൊണ്ട് സംഭവിച്ചിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞതോടെ കുളവും പരിസരവും സാമൂഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.