ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ നിർമ്മാണം ആരംഭിച്ച ഐസൊലേഷൻ വാർഡിന്റെ പ്രവൃത്തികൾ നിറുത്തി വച്ചു. വാർഡ് കൗൺസിലർ വി.ജെ. ജോജിയുടെയും പ്രദേശവാസികളുടേയും പരാതിയെ തുടർന്നാണ് നടപടി. തുടർന്ന് നഗരസഭ നേരത്തെ നിശ്ചയിച്ച കിഴക്ക് ഭാഗത്ത് നിർമ്മാണം ആരംഭിക്കാനും ധാരണയായി. കിഫ്ബി എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ചാണ് ഐസൊലേഷൻ വാർഡ് കെട്ടിടം നിർമ്മിക്കുന്നത്. 2400 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിന് 1.5 കോടി രൂപ ചെലവ് വരും. പത്തുപേരെ ഒരേ സമയം കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനമുണ്ടാകും. ഇപ്പോൾ ആരംഭിച്ച സ്ഥലത്ത് വാർഡ് നിർമ്മിച്ചാൽ ഇതിനോട് ചേർന്നുള്ള സ്ഥലം ഉപയോഗശ്യന്യമാകും. വരുംകാലങ്ങളിൽ ഇവിടെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാതെ വരും. ഇതു ചൂണ്ടിക്കാട്ടിയാണ് വാർഡ് കൗൺസിലർ രംഗത്തെത്തിയത്. ഇതേത്തുടർന്ന് പ്രശ്‌ന പരിഹാരത്തിന് ചേർന്ന അടിയന്തര യോഗത്തിൽ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. കൗൺസിലർ വി.ജെ ജോജി, കിഫ്ബി പ്രോജക്ട് അഡൈ്വസർ രഞ്ജുരാജ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ജെ. ഷെഫീക്, പി.ആർ.ഒ സോണിയ ജെയിംസ്, ജെ.എച്ച്.ഐ മനോജ് എന്നിവരും സന്നിഹിതരായിരുന്നു.