
തൃപ്രയാർ: തേവരുടെ ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ആചാരമായ ചാലുകുത്തൽ ചടങ്ങ് ഇന്ന് നടക്കും. ഉഷപൂജയ്ക്ക് ശേഷം തേവർ വലപ്പാട് കോതകുളത്ത് ആറാട്ടിനെത്തും. വെന്നിക്കൽ ക്ഷേത്രത്തിലെ പറയും കല്ലേറും കഴിഞ്ഞാണ് വരവ്. ആറാട്ട് കഴിഞ്ഞ് പൈനൂർ പാടത്ത് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ചാലുകുത്തൽ ചടങ്ങിന് എഴുന്നള്ളും.
തുടർന്ന് അവകാശികളായ കണ്ണാത്ത് തറവാട്ടിൽ പറയെടുപ്പ്. ശേഷം പാടത്ത് ചാലുകുത്തൽ ചടങ്ങ്. ചാലുകുത്തലിനായി മാറ്റിവച്ച സ്ഥലത്ത് തേവരുടെ കോലം വഹിച്ച ദേവസ്വം രവിപുരം ഗോവിന്ദൻ കൊമ്പ് കൊണ്ട് മൂന്നു തവണ മണ്ണ് കുത്തിയെടുക്കും. ഇത് ഭക്തിയുടെയും ആഹ്‌ളാദത്തിന്റെയും അലകൾ തീർക്കും. കുത്തിയെടുക്കുന്ന മണ്ണ് ഭക്തർക്ക് വിതരണം ചെയ്യും.
ഈ മണ്ണ് കൃഷിയിടങ്ങളിൽ നിക്ഷേപിച്ചാൽ നല്ല വിളവ് ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിദേവിയെന്ന് സങ്കൽപ്പിക്കപ്പെടുന്ന ചേർപ്പ് ഭഗവതിയുടെ മകീര്യം പുറപ്പാട് ദിനത്തിൽ പെരുവനം ക്ഷേത്രക്കുളത്തിൽ ആറാട്ട് കഴിഞ്ഞ് പടിഞ്ഞാട്ടുമുറിയിലെത്തുമ്പോൾ ഇത്തരത്തിലുള്ള ചടങ്ങ് നടത്തിവരാറുണ്ടെന്ന് പഴമക്കാർ പറയുന്നു.
പൈനൂർ പാടത്തെ ചാലുകുത്തലിന് ശേഷം തേവർ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളി ചടങ്ങുകൾ പൂർത്തീകരിക്കും. വൈകീട്ട് രാമൻകുളം ആറാട്ടിന് പുറപ്പെടും. ശേഷം സമുദായമഠം പറ കഴിഞ്ഞ് തിരിച്ചെഴുന്നള്ളി കൊട്ടാരത്തിൽ പറയെടുക്കും.