ചേർപ്പ്: മേളാരവങ്ങളോടെ പെരുവനം പൂരം ഇന്ന് ആഘോഷിക്കും. ഇന്ന് വൈകിട്ട് മുതൽ തിങ്കളാഴ്ച നേരം പുലരുവോളം വരെ നീളുന്ന പൂരച്ചടങ്ങുകളും, എഴുന്നള്ളിപ്പുകളും, പാണ്ടി പഞ്ചാരി, പഞ്ചവാദ്യങ്ങളും താളപ്പെരുക്കം സൃഷ്ടിക്കും. വൈകിട്ട് നാലിന് ക്ഷേത്രത്തിൽ കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂരം എഴുന്നള്ളിപ്പ്, ഗജവീരന്മാരുടെ അകമ്പടിയോടെ പടിഞ്ഞാറെ നടവഴിയിൽ നടക്കും. പെരുവനം ശങ്കരനാരായണൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം ഉണ്ടാകും.


ആറരയ്ക്ക് ആറാട്ടുപുഴ ശാസ്താവിന്റെ കിഴക്കോട്ടിറക്കം നടക്കും. 7 ഗജവീരന്മാർ അകമ്പടിയാകും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം, ഏഴിന് ചാത്തക്കുടം ശാസ്താവിന്റെയും, തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ട് കയറ്റ എഴുന്നള്ളിപ്പ് നടക്കും. ഏഴ് ഗജവീരന്മാർ അണിനിരക്കും. പെരുവനം സതീശൻ മാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉണ്ടാകും. രാത്രി പത്തരയ്ക്ക് ആറാട്ടുപുഴ, കല്ലോലി, മേടംകുളം, ശാസ്താക്കന്മാരുടെയും, പടിഞ്ഞാറോട്ട് കയറ്റം. 11ന് ഊരകത്തമ്മത്തിരുവടി, ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പ്, പെരുവനം തൊടുകുളം പരിസരത്ത് നടക്കുന്ന കൊമ്പ്, കേളി, കുഴൽ പറ്റുകൾക്ക് ശേഷം ക്ഷേത്ര നടവഴിയിൽ ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും അരങ്ങേറും.


ഈ സമയം ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ പടിഞ്ഞാറെ നടയിൽ നടക്കും. ചോറ്റാനിക്കര സുഭാഷ് മാരാരുടെ പഞ്ചവാദ്യം അകമ്പടിയാകും. പഞ്ചവാദ്യത്തിന് ശേഷം ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവതിയുടെ എഴുന്നള്ളിപ്പ് തുടരും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം താളക്കൊഴുപ്പേകും. രാത്രി 12ന് പെരുവനം ക്ഷേത്രമതിൽക്കകത്ത് പിടിക്കപറമ്പ്, നെട്ടിശ്ശേരി, നാങ്കുളം, കോടന്നൂർ, ചിറ്റി ചാത്തക്കുടം, മേടംകുളം, കല്ലോലി, മാട്ടിൽ ശാസ്താക്കന്മാരും എടക്കുന്നി, തൈക്കാട്ടുശ്ശേരി, പൂനിലാർക്കാവ് ഭഗവതിമാരും അണിചേരും. പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകും. 14ന് പുലർച്ചെ ചേർപ്പ് അയക്കുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പും, ആറാട്ടും ഉണ്ടാകും.