p

തൃശൂർ: ബഡ്ജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധന നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തീയതി മറ്റ് സംഘടനകളുമായി ചർച്ച ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് ആറ് രൂപയാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഈ മാസം 31നകം വർദ്ധന പ്രഖ്യാപിക്കണം. അയ്യായിരത്തിൽ താഴെ മാത്രം ബസുകളുള്ള കെ.എസ്.ആർ.ടി.സിക്കായി ആയിരം കോടി വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ്‌മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധന വരുത്തുന്നതും പ്രതിഷേധാർഹമാണെന്ന് ഫെഡറേഷൻ ആരോപിച്ചു. പത്രസമ്മേളനത്തിൽ ജനറൽസെക്രട്ടറി ലോറൻസ് ബാബു, ഹംസ എരിക്കുന്നൻ, സി.മനോജ് കുമാർ, കെ.കെ.തോമസ്, ടി.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു.