
തൃശൂർ : കഴിഞ്ഞ വർഷം മഴക്കാലത്ത് ദേശീയപാതയിലുണ്ടായത് പോലെ അപകടം ആവർത്തിച്ചാൽ ദേശീയപാത അതോറിറ്റിക്കെതിരെ ദുരന്തനിവാരണ ആക്ട് പ്രകാരം കേസെടുക്കുമെന്ന് മന്ത്രി കെ.രാജന്റെ മുന്നറിയിപ്പ്. മണ്ണുത്തി വാണിയംപാറ ദേശീയപാതയിലെ പണികൾ അധികൃതർ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകിയത്.
ദേശീയപാത അതോറിറ്റിയുടെ പുതിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാണഞ്ചേരി പഞ്ചായത്തും തദ്ദേശവാസികളും പരാതികൾ ഉന്നയിച്ച സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. എൻ.എച്ച്.എ.ഐയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എതിരെ ഉന്നയിച്ച പരാതികൾ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ കഴിയുമെന്നത് കളക്ടറെ 20ന് മുമ്പായി അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഐ.ജി മധുസൂദനൻ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി, പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, പൊലിസ് , ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവർ പങ്കെടുത്തു.
പരാതി പ്രളയം
ദേശീയപാത അതോറിറ്റി മഴക്കാലത്തിന് മുമ്പായി തീർക്കാൻ തീരുമാനിച്ച പണികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പല ഘട്ടങ്ങളായി തീർക്കേണ്ട പ്രവൃത്തികൾ പൂർത്തിയാക്കാനായിട്ടില്ല. ദേശീയപാതയിൽ സിഗ്‌നൽ, ലൈറ്റ്, ഡ്രെയിനേജ് നിർമ്മാണം, കുടിവെള്ള പൈപ്പുകൾ പൊട്ടുക, വീടുകളിലേക്കുള്ള വഴിപ്രശ്‌നം എന്നിങ്ങനെ നാൽപ്പതിലധികം പരാതികളാണ് ഉന്നയിച്ചത്.
ഡ്രെയിനേജ് അശാസ്ത്രീയം
ഡ്രെയിനേജ് പ്രവർത്തനം അശാസ്ത്രീയമാണെന്നും മഴക്കാലത്ത് അഴുക്ക് വെള്ളം റോഡിലേക്ക് കയറി കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണെന്നും പരാതികൾ ഉയർന്നു.
അറ്റകുറ്റപ്പണികളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് രാവിലെ 8 ന് ദേശീയ പാതയിൽ സംയുക്ത പരിശോധന നടത്തും
മന്ത്രി കെ.രാജൻ
അടുത്ത കാലവർഷത്തിലും നിരുത്തരവാദപരമായ സമീപനമാണെങ്കിൽ ദേശീയപാത അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കും
ഹരിത വി.കുമാർ
കളക്ടർ
ദേശീയപാതയിൽ വാഹന അപകടം തുടർക്കഥയാവുക, ദേശീയ പാതയിൽ കൃത്യമായ ലൈറ്റ്, സിഗ്‌നൽ, സൈൻ ബോർഡ് , കാമറ, ട്രാഫിക് സൈൻ എന്നിവ സ്ഥാപിക്കാതിരിക്കുക എന്നിവ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.
കെ.സി.സേതു
ഒല്ലൂർ എ.സി.പി