
തൃശൂർ : കോർപറേഷൻ ഭരണത്തിനെതിരെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കേ അണിയറ ചർച്ചകളും ചരടുവലികളും ശക്തം. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി പിന്തുണച്ചാലേ അവിശ്വാസം പാസാകൂ. ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് വീണാലും പ്രമേയം പാസാകും. അവിശ്വാസം പാസാകില്ലെന്ന് ഇടതുമുന്നണി പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും അതിന് ബലം പോര. എന്തു തുടർനടപടിയെടുക്കണമെന്ന ചർച്ച കോൺഗ്രസ് ക്യാമ്പിലും സജീവം. കോൺഗ്രസ് വിമതനായി ജയിച്ചെത്തിയ എം.കെ.വർഗീസ് അവിശ്വാസപ്രമേയത്തിൽ വീണാൽ വീണ്ടും അദ്ദേഹത്തെ അതേ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് അനൗചിത്യമാണെന്ന് സി.പി.എമ്മിനകത്ത് അഭിപ്രായം ഉയർന്നിട്ടുണ്ട്. അത്തരമൊരു അവസ്ഥയുണ്ടായാൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ ജില്ലാനേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. അവിശ്വാസം പാസായാലും പിന്നീട് നടക്കുന്ന മേയർ തിരഞ്ഞെടുപ്പും നിർണ്ണായകമാണ്. 25 പേരുടെ പിന്തുണയുണ്ടായാൽ മേയറാകാം. 15 നാണ് അവിശ്വാസപ്രമേയം. രാവിലെ 11 ന് മേയർക്ക് എതിരെയും ഉച്ചയ്ക്ക് രണ്ടിന് ഡെപ്യൂട്ടിമേയർക്ക് എതിരെയും അവിശ്വാസം ചർച്ചയ്‌ക്കെടുക്കുമെന്ന് കളക്ടർ കത്ത് നൽകിയിട്ടുണ്ട്.
അതേസമയം അവിശ്വാസ പ്രമേയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ നാളെ രാവിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ചേരും. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വം അറിയിക്കും. തിരുവില്വാമലയിൽ പഞ്ചായത്ത് ഭരണം തട്ടിയിട്ട സി.പി.എമ്മിനെ താഴെയിറക്കണമെന്ന അഭിപ്രായം ബി.ജെ.പിയിലെ ഒരു വിഭാഗത്തിനുണ്ട്. ഇന്നലെ കേന്ദ്രമന്ത്രി വി.മുരളീധരനുമായി ബി.ജെ.പി ജില്ലാ നേതൃത്വം വിഷയം ചർച്ച ചെയ്തതായാണ് വിവരം.
സർവത്ര അഭ്യൂഹങ്ങൾ
സ്വതന്ത്രരെയും ഒറ്റകക്ഷികളെയും ചുറ്റി ചർച്ചകളും അഭ്യൂഹങ്ങളും ശക്തമാണ്. ഒറ്റ അംഗങ്ങൾ മാത്രമുള്ള രണ്ട് പേർ കൗൺസിലിലുണ്ട്. അവർക്ക് വമ്പൻ വാഗ്ദാനം നൽകി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് അഭ്യൂഹം. ഒരു സ്വതന്ത്രനെ ചുറ്റിപറ്റിയും അഭ്യൂഹം പരക്കുന്നുണ്ട്.
മേയർ രാജി വയ്ക്കുമോ ?
അവിശ്വാസപ്രമേയത്തിന് തൊട്ടുമുമ്പ് രാജിവെക്കുക എന്നതാണ് സുരക്ഷിത മാർഗം. അങ്ങനെ വരുമ്പോൾ വീണ്ടും മത്സരിക്കുന്ന നാണക്കേട് ഒഴിവാക്കാം. അത്തരം ആലോചന നടക്കുന്നതായി അഭ്യൂഹമുണ്ട്. മേയർ സ്ഥാനത്തേക്ക് വീണ്ടും അവസരം നൽകിയില്ലെങ്കിൽ എം.കെ.വർഗീസ് ഇടതുമുന്നണിയിൽ നിന്ന് അകലാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.