തൃശൂർ: സംസ്ഥാന ബഡ്ജറ്റിൽ പരാമർശിച്ച 7 ബൈപാസുകൾ നിർമ്മിക്കുന്നതിൽ അമല-ആമ്പല്ലൂർ ബൈപാസ് റോഡ് നിർമ്മാണവും ഉൾപ്പെടുത്തണമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രധാന നഗരങ്ങളിലെ തിരക്കും ട്രാഫിക് കുരുക്കും ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും നഗരങ്ങൾ കേന്ദ്രീകരിച്ച് ബൈപാസ് റോഡുകൾ നിലവിലുണ്ട്. മലബാർ മേഖലയിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് തൃശൂർ ടൗൺ ചുറ്റി മാത്രമേ പോകാൻ ഇപ്പോൾ നിർവാഹമുള്ളൂ. അമല ആശുപത്രി പരിസരത്ത് നിന്ന് ഒല്ലൂർ വഴി ആമ്പല്ലൂരിലേയ്ക്ക് ഒരു ബൈപാസ് റോഡ് നിർമ്മിച്ചാൽ ഇത്തരം യാത്രക്കാർക്ക് മണിക്കൂറുകൾ ലാഭിക്കാൻ കഴിയും. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ 2 വർഷം മുമ്പ് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.