krajan

തൃശൂർ : കണിമംഗലം പാടശേഖരത്തിലെ ചാമക്കോളിൽ ഉണ്ടായ വ്യാപക കൃഷിനാശം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. ചാമക്കോള് പടവ് സന്ദർശിച്ച് കൃഷി നാശം സംബന്ധിച്ച് കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

ചൊവ്വാഴ്ച ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്ന് തളിക്കും. കർഷകരുടെ പരാതികൾ പരിഗണിച്ചുള്ള നടപടികൾ ഉടൻ സ്വീകരിക്കും. കൃത്യമായ സമയത്ത് കൃഷിയിറക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. കണിമംഗലം പാടശേഖരത്തിലെ 600 ഏക്കറിൽ 93 ഏക്കറോളം വരുന്ന ചാമക്കോളിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്. 65 മുതൽ 70 ദിവസം പ്രായമായ കതിരെത്തുന്ന നിലയിലെത്തിയപ്പോഴാണ് കേട് വന്ന് കരിഞ്ഞുണങ്ങിയത്.

പാടശേഖരങ്ങളിൽ വ്യാപകമായി കുമിൾ രോഗങ്ങളായ കുലവാട്ടം, തവിട്ട് പുള്ളിക്കുത്ത് എന്നിവ രൂക്ഷമായി കണ്ടുതുടങ്ങിയ സാഹചര്യത്തിലാണ് കർഷകർ പരാതിയുമായെത്തിയത്. ഇതോടെ വിഷയം പഠിക്കാൻ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

ഉയർന്ന അന്തരീക്ഷ ആർദ്രതയും ഇടവിട്ട് വന്ന മഴയും മണ്ണിലെ കൂടിയ അമ്ലതയും പൊട്ടാസ്യം മൂലകത്തിന്റെ അപര്യാപ്തതയുമാണ് നെല്ലിലെ രോഗങ്ങളുടെ പ്രധാന കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൃഷിവകുപ്പിൽ നിന്ന് നൽകുന്ന കുമ്മായത്തിന്റെ അളവ് വർദ്ധിപ്പിക്കാനും നടപടി സ്വീകരിക്കും. രോഗ കാരണങ്ങളും പരിഹാരമാർഗങ്ങളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകുന്നതിന് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർക്ക് മന്ത്രി നിർദ്ദേശം നൽകി. കെ.എൽ.ഡി.സി ബണ്ടുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ കെ.എൽ.ഡി.സി ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. കാർഷിക സർവകലാശാല കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ.എ.ലത, ശാസ്ത്രജ്ഞരായ ഡോ.ബെറിൻ പത്രോസ്, ഡോ.സന്ധ്യ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സരസ്വതി, അസി.ഡയറക്ടർമാരായ ഗോപകുമാർ, രമേശ്, കൃഷി ഓഫീസർ സീമ ഡേവിസ്, നെടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പുരുഷോത്തമൻ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവരും പടവ് സന്ദർശിച്ചു.