adithyan

എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ അഖിലേശന്റെ വീട്ടിലെത്തി ആദിത്യന് മധുരം നൽകുന്നു.

ചാലക്കുടി: യുക്രെയിൻ യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയതിന്റെ ആശ്വാസത്തിൽ ആദിത്യൻ, മകനെ നേരിൽ കണ്ടതിന്റെ ആഹ്ലാദത്തിൽ അഖിലേശനും കുടുംബവും. ചാലക്കുടി കണ്ണമ്പുഴ റോഡിലെ ടാക്‌സ് പ്രാക്ടീഷണർ എം.എൻ. അഖിലേശന്റെ മകൻ ആദിത്യൻ കഴിഞ്ഞ ദിവസമാണ് സുമിയിൽ നിന്നുമെത്തിയത്. വെടിയൊച്ചയും സ്‌ഫോടനങ്ങളുമുണ്ടാക്കിയ നടക്കുന്ന അനുഭവങ്ങൾ വിവരിക്കുമ്പോൾ യുവാവിന്റെ മുഖത്ത് ഇപ്പോഴും ഭീതിയുടെ നിഴലാട്ടമുണ്ട്.
യുദ്ധം തുടങ്ങിയത് മുതൽ കൂടുതൽ സമയങ്ങളിലും ബങ്കറിലായിരുന്നു വാസം. യുക്രെയിൻകാരും അവിടുത്തെ ഉദ്യോഗസ്ഥരും കാരുണ്യത്തോടെ പെരുമാറി. നാട്ടുകാരുടെ കൈകളിൽ തോക്ക് കിട്ടിയപ്പോൾ കൂടുതൽ ഭയപ്പെട്ടു. എന്നാൽ അരുതാത്തതൊന്നുമുണ്ടായില്ല. മാതാപിതാക്കൾക്കൊപ്പമിരുന്ന് വിറയ്ക്കുന്ന ശബ്ദത്തിൽ ആദിത്യൻ പറഞ്ഞു.
എഴുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികളായിരുന്നു ഹോസ്റ്റലിൽ. മലയാളികളുടെ ടീം ക്യാപ്ടനായ ആദിത്യന് യുദ്ധഭൂമിയിൽ കൂടുൽ മാനസിക സമ്മർദ്ദങ്ങളുമുണ്ടായി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ പിതാവും അമ്മ സുബിതയും വീഡിയോ കോളിലൂടെ ബന്ധപ്പെടുന്നതായിരുന്നു ആശ്വാസം. ജ്യേഷ്ഠൻ ആകാഷിന്റെ ആശ്വാസ വാക്കുകളും മനസിൽ ധൈര്യം പകർന്നു. നെടുവീർപ്പിട്ട് ആദിത്യൻ പറഞ്ഞു. പൊതുപ്രവർത്തകരായ നിരവധിയാളുകൾ അഖിലേശന്റ വീട്ടിലെത്തി സന്തോഷത്തിൽ പങ്കചേർന്നു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനും പ്രവർത്തകരും ചേർന്ന് മധുരം നൽകി. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, സി.കെ. സഹജൻ തുടങ്ങിയവരുമുണ്ടായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ് എന്നിവരും വീട്ടിലെത്തിയിരുന്നു.

ഉള്ള ഭക്ഷണങ്ങൾ തെല്ല് കഴിച്ചും ദാഹജലത്തിൽ മാത്രം അഭയം തേടിയും തള്ളി നീക്കിയ ദിനരാത്രങ്ങൾ. ഉറക്കത്തിലും ഞെട്ടിത്തെറിച്ചു.
-ആദിത്യൻ