 
കൊടുങ്ങല്ലൂർ: ജർമനിയിലെ സീസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്‌സ് പ്ലാങ്ക് ഡിവിഷനിൽ ശാസ്ത്രജ്ഞനും കെ.കെ.ടി.എം ഗവ. കോളേജ് പൂർവ വിദ്യാർത്ഥിയുമായ ഡോ. രാജീവൻ നാരായണനെ കെ.കെ.ടി.എം ഗവ. കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ കെ.കെ.ടി.എം സീഡ്‌സിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ജർമനിയിലെ വെസ്റ്റ് ഫാലിഷ് വിൽഹെംസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ന്യൂറോ ഫിസിയോളജിയിലാണ് രാജീവൻ ഡോക്ടറേറ്റ് നേടിയിട്ടുള്ളത്. നോബൽ സമ്മാന ജേതാവായ പ്രൊഫ. ബെർട് സാക്മാന്റെ കൂടെ മൂന്നു വർഷം പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും അഭിമാനകരമായ ഫെല്ലോഷിപ്പുകളിൽ ഒന്നായ യൂറോപ്യൻ യൂണിയന്റെ മേരീ ക്യൂറി ഫെലോഷിപ്പ് ലഭിച്ച രാജീവൻ ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിൽ ന്യൂറോ ഫിസിയോളജിൽ ഗവേഷണം നടത്തുകയാണിപ്പോൾ. സീഡ്‌സ് പ്രസിഡന്റ് യു.കെ. വിശ്വനാഥൻ അദ്ധ്യക്ഷനായി. കെ.എച്ച്. ബിന്നി, അഡ്വ. വി.എ. റംലത്ത്, അഡ്വ. ഭാനുപ്രകാശ്, വിനോദ് എൻ. രാജൻ, കെ.കെ. പ്രിയേഷ്, യു.കെ. ചന്ദ്രൻ, ഡോ. ആന്റണി ഡെയിൻ എന്നിവർ സന്നിഹിതരായി.