thoddമണ്ണും കല്ലും ഇട്ട് തോട് നികത്തിയ നിലയിൽ.

കൊടുങ്ങല്ലൂർ: നഗരസഭയിലെ ഉഴുവത്തുകടവിൽ സ്വകാര്യ ഭൂമിയിലെ തോട് രാത്രിയിൽ നികത്തിയെടുക്കാനുള്ള ശ്രമം നഗരസഭ വൈസ് ചെയർമാന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മണ്ണും കല്ലുമിട്ട് നികത്തിയ തോട്ടിൽ നിന്ന് അവ ജെ.സി.ബി ഉപയോഗിച്ച് എടുത്ത് മാറ്റി പഴയ നില പുനഃസ്ഥാപിക്കുവാനും ധാരണയായി.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഏതാനും ലോറികളിലായി എത്തിച്ച കെട്ടിടങ്ങളുടെ അവിഷ്ടങ്ങൾ ഇട്ടാണ് തോടിന്റെ ഭൂരിഭാഗം സ്ഥലവും നികത്തിയത്. ഉഴുവത്തുകടവ് പ്രദേശത്തെ മഴ വെള്ളം മുഴുവൻ ഈ തോട്ടിലൂടെ ഒഴുകിയാണ് കാവിൽക്കടവ് തോട്ടിലേക്കെത്തുന്നത്. ഈ തോട് നികത്തിയാൽ വടക്ക് ഭാഗത്തുനിന്ന് വരുന്ന വെള്ളം മുഴുവൻ തടസ്സപ്പെടുകയും പ്രദേശമാകെ വെള്ളിക്കെട്ടിലാകുകയും ചെയ്യും.

വർഷങ്ങളായി വെള്ളം ഒഴുകിപ്പോകുന്ന തോടാണ് ഭൂവുടമ രാത്രിയുടെ മറവിൽ മണ്ണിട്ട് മൂടാൻ ശ്രമം നടത്തിയത്. പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ നഗരസഭ വാർഡ് കൗൺസിലറും വൈസ് ചെയർമാനുമായ കെ.ആർ. ജൈത്രൻ ഭൂമുടമയെ വിളിച്ചു വരുത്തി സംസാരിച്ച ശേഷമാണ് മൂടിയ തോട് തുറക്കാൻ തീരുമാനിച്ചത്.

ഒഴുകിവരുന്ന വെള്ളം പൈപ്പിട്ട് അടുത്ത കാനയിലേയ്ക്ക് ഒഴുക്കിവിടാമെന്ന് ഭൂവുടമ പറഞ്ഞെങ്കിലും നാട്ടുകാർ നിരാകരിച്ചു. തുടർന്ന് മണ്ണ് നീക്കി പഴയ തോടിന്റെ തത്‌സ്ഥിതി പുന:സ്ഥാപിക്കണമെന്ന വൈസ് ചെയർമാന്റെ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്.