krishi
നെൽച്ചാക്കുകൾ തോട്ടിലേയ്ക്ക് തള്ളിയിട്ട നിലയിൽ.

ചാലക്കുടി: കൂടപ്പുഴ കുട്ടാടൻ പാടശേഖരത്തിൽ കൊയ്ത്തുവച്ചിരുന്ന ഒരു ടണ്ണോളം നെല്ല് വെള്ളത്തിലിട്ട് നശിപ്പിച്ചു. പാടശേഖര സമിതി പ്രസിഡന്റ് കൂടിയായ മേച്ചേരി വർഗീസിന്റെ 23 ചാക്ക് നെല്ലാണ് തോട്ടിലെ വെള്ളത്തിലിട്ടത്. സമീപത്ത് നിറച്ചുവച്ച ഇരുനൂറോളം നെൽച്ചാക്കുകളുണ്ടായിരുന്നു. സമിതി പ്രസിഡന്റിന്റെ മാത്രം നെല്ല് നശിപ്പിച്ചതിന് പിന്നിൽ കൃഷിക്കാരെ തകർക്കുന്ന ഭൂമാഫിയകളുടെ ശ്രമങ്ങളാണെന്ന് സംശയിക്കുന്നു. ഇന്നലെ സപ്ലൈകോയിലേയ്ക്ക് കയറ്റിക്കൊണ്ടു പോകുന്നതിനാണ് നെല്ല് തയ്യാറാക്കി വച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നാല് വർഷം മുൻപും കർഷകർക്ക് നേരെ ആക്രമണം നടന്നിരുന്നു. അന്ന് കൊയ്ത്ത് യന്ത്രത്തിന്റെ ചക്രം അറുത്തിടുകയായിരുന്നു. എൺപതിനായിരത്തോളം വിലമതിക്കുന്ന ചക്രം നശിപ്പിച്ച സംഭവിത്തിലെ പ്രതികളെ ഇതുവരേയും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇപ്പോഴത്തെ സംഭവം. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.