
തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ഗ്ലോക്കോമ ദിനം ആചരിച്ചു. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ദിനാചരണവും നേത്ര പരിശോധനാ ക്യാമ്പും പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡി.എം.ഒ ഡോ.പി.ആർ സലജകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ വിശിഷ്ടാതിഥിയായി. ഗ്ലോക്കോമയുടെ പ്രതിരോധവും ചികിത്സയും സംബന്ധിച്ച ബോധവത്കരണ ക്ളാസിന് ഡോ.പി.കെ നേത്രദാസ് നേതൃത്വം നൽകി.
ഇടം' ബോധവത്കരണ
കാമ്പയിന് തുടക്കം
തൃശൂർ: ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന സാമൂഹിക വെല്ലുവിളികളെ കുറിച്ചുള്ള ബോധവത്കരണ കാമ്പയിൻ 'ഇട'ത്തിന് ജില്ലയിൽ തുടക്കം. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന ബോധവത്കരണ കാമ്പയിൻ ഇടത്തിന്റെ ലോഗോ പ്രകാശനം കളക്ടർ ഹരിത.വി.കുമാർ ട്രാൻസ് പ്രതിനിധിയും കവയിത്രിയുമായ വിജയരാജമല്ലികയ്ക്ക് ലോഗോ നൽകി നിർവഹിച്ചു. ബോധവത്കരണ പരസ്യചിത്രവും ഇതോടൊപ്പം പുറത്തിറക്കി.
എല്ലാ ലിംഗക്കാർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, എല്ലാവർക്കും അവരർഹിക്കുന്ന ഇടം നൽകുക എന്ന ആശയത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള കാമ്പയിൻ ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ ഇതരലിംഗക്കാർ തുടങ്ങി പൊതുആരോഗ്യ സംവിധാനത്തിലെ മുഖ്യപങ്കാളികളെ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വനിതാദിനത്തിൽ ആരോഗ്യ മന്ത്രി നിർവഹിച്ചിരുന്നു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.യു.ആർ.രാഹുൽ , സാമൂഹിക നീതിവകുപ്പ് ജില്ലാ ഓഫീസർ അസർ ഷാ, വനിതാശിശു വികസനവകുപ്പ് ഓഫീസർ മീര, ജില്ലാ മാസ് മീഡിയ ഓഫീസർ ഹരിത ദേവി തുടങ്ങിയവർ പങ്കെടുത്തു.
ബഡ്ജറ്റിൽ കൊവിഡാനന്തര
പാക്കേജ് ഇല്ലെന്ന്
തൃശൂർ: സ്വാഗതാർഹമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലുണ്ടെങ്കിലും സാധാരണക്കാരായ വ്യാപാരികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമായി കൊവിഡാനന്തര പാക്കേജ് ഇല്ലാത്തത് നിരാശാജനകമാണെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണി ചാല, വൈസ് പ്രസിഡന്റ് ജി.വെങ്കട്ട് രാമൻ, വക്താക്കളായ പി.ആർ.സോംദേവ്, അഡ്വ.വേണുഗോപാൽ, എം.രവികുമാർ, എസ്.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.