പാവറട്ടി: പാവറട്ടി സെന്റർ നവീകരണ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. പാവറട്ടി സെന്റർ നവീകരണത്തിന് 2019-20 ലെ സംസ്ഥാന സർക്കാറിന്റെ ബഡ്ജറ്റിൽ 2.5 കോടി രൂപ വകയിരുത്തിയിരുന്നു. പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതിയും പ്രത്യേക അനുമതിയും ലഭിച്ചു. പുളിഞ്ചേരിപ്പടി മുതൽ കാശ്മീർ റോഡ് വരെയും പാവറട്ടി കൾച്ചറൽ ഓഡിറ്റോറിയം മുതൽ കോൺവെന്റ് സ്‌കൂൾ വരെയും വിശദമായ സർവെ നടത്തി അതിർത്തി നിർണയിക്കുന്നതിന് 1, 28, 000 രൂപയുടെ എസ്റ്റിമേറ്റ് ആയിട്ടുണ്ടെങ്കിലും ആരും കരാർ എടുത്തിരുന്നില്ല. പിന്നീട് റീ ടെണ്ടർ നടത്തി കരാർ വച്ച് ടോട്ടൽ സ്റ്റേഷൻ സർവേ പൂർത്തീകരിച്ചിട്ടൂണ്ട്. മാർച്ച് 20നകം ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സർവേ നടപടികൾ പൂർത്തീകരിച്ച് അതിർത്തി നിർണയിച്ച് സർവ്വേ സ്‌കെച്ച് പി.ഡബ്ല്യു.ഡിക്ക് നൽകാൻ യോഗം തീരുമാനിച്ചു. 30 നകം പി.ഡബ്ല്യു.ഡി അലൈമെന്റ് സ്‌കെച്ച് തയ്യാറാക്കി മേൽനടപടികൾക്കായി ചീഫ് എൻജിനീയർക്ക് കൊടുക്കും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.എം. റജീന, ചാവക്കാട് തഹസിൽദാർ എം. സന്ദീപ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് സെക്രട്ടറി, മണ്ഡലം നോഡൽ ഓഫീസർ, പി.ഡബ്ല്യു.ഡി എൻജിനീയർമാർ, പാവറട്ടി വില്ലേജ് ഓഫീസർ, സർവേയർമാർ, പാവറട്ടി പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.