news

എ.സി. മൊയ്തീൻ എം.എൽ.എ, ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ സ്ഥലം സന്ദർശിക്കുന്നു.

കുന്നംകുളം: നിർദ്ദിഷ്ട കുന്നംകുളം റവന്യൂ ടവർ നിർമ്മിക്കുന്ന കുറുക്കൻപാറ താഞ്ചൻകുന്ന് എം.എൽ.എ എ.സി. മൊയ്തീൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ സന്ദർശിച്ച് നിർവഹണ പുരോഗതി വിലയിരുത്തി. പൊതുമരാമത്ത്, റവന്യൂ, ഫോറസ്റ്റ്, നഗരസഭ ഉദ്യോഗസ്ഥരും കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർ സനൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സ്ഥല സന്ദർശനത്തിന് ശേഷം നഗരസഭ കോൺഫറൻസ് ഹാളിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദ്ദേശം നൽകി. പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരോട് നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. റവന്യൂ ടവറിന്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകുകയും ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ ഉന്നതതല യോഗം വിളിച്ചുചേർക്കുന്നതിനും തീരുമാനിച്ചു.