പാവറട്ടി: ഏനാമാവിൽ സ്വകാര്യ വ്യക്തി വ്യാപകമായി പുഴ നികത്തുന്നത് തടഞ്ഞു. സ്വകാര്യ റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ രാത്രിയിൽ യന്ത്ര സഹായത്തോടെ പുഴയിൽ നിന്നും ചെളിമണ്ണ് കോരിയിട്ടാണ് പുഴ നികത്തുന്നത്. പുഴയിലേയ്ക്ക് ഇറക്കി തെങ്ങിൻ കുറ്റികൾ അടിച്ചിറക്കി അതിർത്തി തിരിച്ചാണ് ചെളിമണ്ണിട്ട് പുഴ നികത്തുന്നത്. ആവശ്യമായ അനുമതിയോടെയാണ് പുഴ നികത്തുന്നതെന്നാണ് തൊഴിലാളികൾ പ്രദേശവാസികളോട് പറഞ്ഞതെന്ന് പറയുന്നു. എന്നാൽ നികുതി ചീട്ടിൽ സ്ഥിരം പുഞ്ചയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും പുഴ നികുത്തുന്നതിന് അനുമതിയോ ആവശ്യമായ രേഖകളോ നൽകിയിട്ടില്ലന്നും അധികൃതർ വ്യക്തമാക്കി. പരാതിയെതുടർന്ന് പ്രാദേശിക നിരീക്ഷണ സമിതി അടിയന്തരമായി സ്ഥലത്ത് എത്തി പരിശോധന നടത്തി. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചാണ് പുഴ നികത്തുന്നതെന്ന് ബോധ്യമായതതോടെ വെങ്കിടങ്ങ് വില്ലേജ് ഓഫീസർ പുഴ നികത്തുന്നത് തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ നൽകുകയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. വെങ്കിടങ്ങ് വില്ലേജ് ഓഫിസർ ഇ. ശോഭ, കൃഷി ഓഫീസർ ജേക്കബ് ഷിമോൻ, പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, കർഷക പ്രതിനിധി എം.എസ്. സിദ്ധാർത്ഥൻ, പഞ്ചായത്ത് അംഗങ്ങളായ മുംതാസ് റസാക്ക്, വാസന്തി ആനന്ദൻ എന്നിവരാണ് സ്ഥലപരിശോധനയ്ക്ക് എത്തിയത്.