
തൃശൂർ: ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയിൽ വനിതാ ജീവനക്കാർക്കായി ആരംഭിക്കുന്ന വനിതാ ക്ലിനിക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. ആയുർവേദ മേഖലയെ സംബന്ധിച്ചിടത്തോളം ഔഷധി പൊൻതൂവലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഉൽപാദന രംഗത്തും വിപണനരംഗത്തും ഇടപെടൽ നടത്തി, സർക്കാർ തലത്തിൽ ഗുണമേന്മയുള്ള മരുന്നുകൾ ഉൽപാദിപ്പിക്കാനും അതിന് വിപണി കണ്ടെത്താനും ഔഷധി വലിയ രീതിയിൽ വിജയിച്ചു.
ഔഷധസസ്യ കർഷകർക്ക് സഹായം നൽകി ഔഷധസസ്യക്കൃഷിയിൽ ഔഷധി ഇടപെടൽ നടത്തുന്നുണ്ട്. 'കേരള ഹെൽത്ത്' എന്നത് ആഗോളതലത്തിൽ തന്നെ ഉറ്റുനോക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ.വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കോർപറേഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹൃദിക്, ചെയർപേഴ്‌സൺ ശോഭനാ ജോർജ്, ഫിനാൻഷ്യൽ കൺട്രോളർ പി.എം ലതാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഔഷധിയിലെ ജീവനക്കാരിൽ വലിയ ഒരു വിഭാഗം സ്ത്രീ ജീവനക്കാരാണ്. ഈ സാഹചര്യത്തിൽ ശാരീരീക അസ്വസ്ഥതകൾ ഉണ്ടാകുന്ന അവസരങ്ങളിൽ ജിവനക്കാരെ ദൂരസ്ഥലത്തുള്ള ആശുപത്രികളിൽ എത്തിക്കേണ്ടി വരുന്നതിനാലാണ് ക്ലിനിക്ക് ആരംഭിക്കാൻ തീരുമാനിച്ചത്.
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 27 മുതൽ
തൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 17ാമത് എഡിഷൻ ഈ മാസം 27 മുതൽ ഏപ്രിൽ ഏഴ് വരെ ദിവസങ്ങളിൽ തൃശൂർ ശ്രീ തിയേറ്ററിൽ നടക്കും. 75 ഫീച്ചർ സിനിമകളാണ് പ്രദർശിപ്പിക്കുക. എഫ്.എഫ്.എസ്.ഐയുടെ വൈസ് പ്രസിഡന്റും, ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസിന്റെ ഏഷ്യ പസിഫിക് സെക്രട്ടറിയുമായ കൊൽക്കത്തയിൽ നിന്നുള്ള പ്രേമേന്ദ്ര മജൂംദാറാണ് ഫെസ്റ്റിവൽ ഡയറക്ടർ. മന്ത്രി കെ.രാജൻ മുഖ്യ രക്ഷാധികാരിയായും സംഘാടക സമിതി ചെയർമാനായും പ്രവർത്തിക്കുന്ന 101 അംഗ കമ്മിറ്റി പ്രവർത്തനം തുടങ്ങി.
മേയർ എം.കെ.വർഗീസ് (കോ ഓർഡിനേറ്റർ), ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ (ജോയിന്റ് കോ ഓർഡിനേറ്റർ), പി.ബാലചന്ദ്രൻ (കൺവീനർ), ചെറിയാൻ ജോസഫ് ( എക്സിക്യുട്ടീവ് ഡയറക്ടർ), മേയർ എം.കെ.വർഗീസ്, മന്ത്രി ഡോ.ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് തുടങ്ങിയവരാണ് മുഖ്യരക്ഷാധികാരികൾ. തൃശൂർ ശ്രി തീയേറ്ററാണ് മുഖ്യവേദി. ഇരിങ്ങാലക്കുട, ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല, ഗുരുവായൂർ, പാവറട്ടി, നാട്ടിക, പെരിഞ്ഞനം തുടങ്ങിയ ദേശങ്ങളിലും പല ദിവസങ്ങളായി ചെറുചലച്ചിത്രോത്സവങ്ങൾ നടക്കും.