medical

തൃശൂർ : ആയിരക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കടുത്ത ജലക്ഷാമത്തിലേക്ക്. നിലവിൽ പീച്ചിയിൽ നിന്നെത്തിക്കുന്ന വെള്ളത്തിന് പുറമേ മെഡിക്കൽ കോളേജ് കാമ്പസിലെ കുളത്തിലെ വെള്ളം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.

ഏപ്രിലാകുമ്പോഴേക്കും ജലക്ഷാമം രൂക്ഷമാകും. ദിവസവും 16 ലക്ഷം ലിറ്റർ വെള്ളമാണ് പൈപ്പ് ലൈൻ വഴി മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. ഇതിന് പുറമേ കോളേജിലെ മറ്റു കുടിവെള്ള സ്രോതസും ഉപയോഗിക്കാറുണ്ട്. എന്നാൽ മെഡിക്കൽ കോളേജ് മേഖലയിലെ സ്ഥാപനങ്ങൾ വർദ്ധിച്ചതോടെ ആവശ്യം കൂടി. വേനൽക്കാലത്ത് ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡാമുകൾ തുറന്ന് കനാലിലൂടെ വെള്ളം ഒഴുക്കി വിടാറുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ തുടക്കം കുറിച്ച ശേഷം ജലജീവൻ മിഷന്റെ പ്രവർത്തനം ത്വരിത ഗതിയിൽ നടക്കുന്നുണ്ടെങ്കിലും നിലവിൽ പൈപ്പുകൾ പോയിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് കണക്ഷൻ നൽകുന്നത്. വേനലായതോടെ കനോലി കനാലിൽ ഉപ്പ് കയറിയതോടെ തീരപ്രദേശത്തെ വീടുകളിലെ കിണറുകളിൽ ഉപ്പ് രസം കയറിയതോടെ കുടിവെള്ളത്തിന് മറ്റ് മാർഗങ്ങൾ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മലയോര മേഖകളിലും സ്ഥിതി രൂക്ഷമാണ്.

പഞ്ചായത്തുകളിൽ വിതരണം ആരംഭിച്ചില്ല

കടുത്ത വേനൽ ആരംഭിച്ച് കിണറുകളിലെ വെള്ളം താഴ്ന്നിട്ടും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. മഴക്കാലമാകുന്നത് വരെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ വെള്ളമെത്തിക്കാറുണ്ട്. എന്നാൽ വെള്ളം വിതരണത്തിന് കളക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്തുകൾ പറയുന്നത്.

പൈപ്പുകൾ പൊട്ടുന്നു

കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനിടെ അധികൃതരുടെ അനാസ്ഥയിൽ കുടിവെള്ളം നഷ്ടമാകുന്നത് നിരവധി സ്ഥലങ്ങളിലാണ്. റോഡ് പണിക്കും മറ്റും റോഡ് പൊക്കുമ്പോൾ പൊട്ടുന്ന പൈപ്പും മറ്റും സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്താത്തത് മൂലം നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസപ്പെടുന്നത്. പല സ്ഥലങ്ങളിലും ആഴ്ച്ചകളോളമായി പൈപ്പ് പൊട്ടിയിട്ട്.

കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് ആവശ്യമായ ഫണ്ട് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കും

ഹരിത.വി.കുമാർ

കളക്ടർ