
തൃപ്രയാർ : ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി തേവർക്ക് പുഴ കടക്കാനുള്ള പള്ളിയോടം നീറ്റിലിറക്കി. ആഞ്ഞിലിയിൽ തീർത്ത സ്വന്തം പള്ളിയോടത്തിൽ തേവരുടെ ചിലമ്പ് ചേങ്ങിലയിൽ കുടശാന്തി കോലം പിടിച്ച് തൃക്കോൽശാന്തി തുഴഞ്ഞാണ് തീവ്രാനദി കടന്ന് തേവർ അക്കരെയെത്തുക.
പൈനൂർ പാടത്തെ ചാലുകുത്തൽ കഴിഞ്ഞ് തേവർ ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷമാണ് ഭക്തരും ജീവനക്കാരും ചേർന്ന് ഉച്ചയോടെ പള്ളിയോടം ഇറക്കിയത്. ഇനിയുള്ള 3 ദിവസം ഈ പള്ളിയോടത്തിലാണ് അക്കരെ കടന്നുള്ള തേവരുടെ ഗ്രാമപ്രദക്ഷിണവും ആറാട്ടുപുഴയിലേക്കുള്ള യാത്രയും. തൃക്കോൽ ശാന്തി രതീഷ് എമ്പ്രാന്തിരിയാണ് പള്ളിയോടം തുഴയുക. കടലൂട്ടി തറവാട്ടുകാരാണ് മൂന്ന് ദിവസവും പള്ളിയോടം പരിപാലിക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, അസിസ്റ്റന്റ് കമ്മിഷണർ എം.ജി.ജഗദീഷ്, ദേവസ്വം മാനേജർ എം.മനോജ് കുമാർ, ടി.ജെ.സുമന, സുലോചന ശക്തിധരപണിക്കർ , വി.ആർ.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.