1

വടക്കാഞ്ചേരി: കണ്ണിനും കാതിനും ആനന്ദമൊരുക്കിയ മുള്ളൂർക്കര തിരുവാണിക്കാവ് വേല തട്ടകത്തിന് ആവേശമായി. രാവിലെ നട തുറന്നശേഷം വേലാഘോഷങ്ങൾക്ക് തുടക്കമായി. ഉഷപൂജ, ആറാട്ട്, നവകം, പഞ്ചഗവ്യം, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ശ്രീകോവിലിൽ പൂജിച്ച തിടമ്പ് ഏറ്റുവാങ്ങി എഴുന്നെള്ളിപ്പ് ആരംഭിച്ചു.

നടക്കൽ പഞ്ചവാദ്യം തീർത്തശേഷം വേല എഴുന്നെള്ളിപ്പ് നടന്നു. തുടർന്ന് ചെറുപൂരങ്ങൾ കാവിലെത്തി എഴുന്നെള്ളിച്ചു. ദേവസ്വം പൂരത്തിന് പുറമെ തിറ, പൂതൻ, ആണ്ടി, പാക്കനാർ വേല എന്നിവ കാവിലെത്തി പ്രദക്ഷിണം നടത്തി. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, തായമ്പക, അത്താഴപൂജ, കളം പൂജ എന്നിവ നടന്നു. ഇന്ന് രാവിലെ ഗണപതിഹോമത്തിന് ശേഷം, ഉഷ പൂജ, ആറാട്ട്, ദേവിയുടെ തിടമ്പേറ്റി 21 ക്ഷേത്ര പ്രദക്ഷിണം, വേല കൊടിയിറക്കം, ഉച്ചപൂജ, 25 കലശം ആടൽ, ശേഷം ചാന്താട്ടം എന്നിവ നടക്കും.