newd

കുന്നംകുളം: ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. നവകം, പഞ്ചഗവ്യം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പിലാക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്കുശേഷം മൂന്നോടെ ക്ഷേത്രനടയിൽ പ്രത്യേകം തയ്യാറാക്കിയ വർണപ്പന്തലിൽ ആന, പഞ്ചവാദ്യം എന്നിവയോടെ ദേവസ്വംപൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു.

ചെർപ്പുളശ്ശേരി ശിവൻ (മദ്ദളം), അയിലൂർ അനന്തനാരായണൻ (തിമില), തിരുവില്വാമല ജയൻ (ഇടക്ക), കോതച്ചിറ കുട്ടി നാരായണൻ (ഇലത്താളം), വരവൂർ ഭാസ്‌കരൻ (കൊമ്പ്) എന്നിവരുടെ നേതൃത്വത്തിൽ കാണികളിൽ ആവേശം നിറച്ച് പഞ്ചവാദ്യം കൊട്ടിക്കയറി. തുടർന്ന് പ്രാദേശികപൂരങ്ങളുടെ വരവ് ഉത്സവപ്പറമ്പിലെത്തി. തുടർന്ന് തെയ്യം, തകിൽ, തിറയാട്ടം, കാവടി, കരിങ്കാളി, പൂതൻ, സാംസ്‌കാരികവേഷങ്ങൾ തുടങ്ങിയവയും താലപ്പൊലി ആഘോഷത്തെ അവിസ്മരണീയമാക്കി. വിവിധ കമ്മിറ്റികളുടെ വിവിധ മേളവാദ്യങ്ങളും നാടൻ കലകളും ശിങ്കാരിമേളങ്ങളും പൂരത്തിന് അകമ്പടിയേകി.

കൗതുകമാർന്ന ഫാൻസി വെടിക്കെട്ടും ഇത്തവണത്തെ താലപ്പൊലി ആഘോഷത്തെ വർണ്ണാഭമാക്കി. 12 ദിവസം നീളുന്ന തോൽപ്പാവക്കൂത്തിന് ശ്രീരാമപട്ടാഭിഷേകത്തോടെ ഊരാളന്മാരുടെയും ദേശവാസികളുടെയും സമ്മതം വാങ്ങിച്ച് കൂറ വലിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് സമാപനമാകും.