കോട്ടപ്പുറം - ചന്തപ്പുര ബൈപാസ് വഴി വിളക്ക് പ്രശ്‌നം
കൊടുങ്ങല്ലൂർ: കോട്ടപ്പുറം - ചന്തപ്പുര ബൈപാസ് റോഡ് നിർമ്മാണം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞിട്ടും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ എൻ.എച്ച്.എ.ഐയെയും എം.പിയെയും കുറ്റപ്പെടുത്തി എൽ.ഡി.എഫ് നേതൃത്വം പ്രസ്താവനയിറക്കിയത് സ്വന്തം എം.എൽ.എയുടെയും നഗരസഭ ഭരണ സമിതിയുടെയും വീഴ്ച ജനങ്ങൾ അറിയാതിരിക്കാനാണെന്ന് കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു, മേത്തല മണ്ഡലം പ്രസിഡന്റ് വി.എം. ജോണി എന്നിവർ കുറ്റപ്പെടുത്തി. എം.പി സ്ഥലം എം.എൽ.എയോടും നഗരസഭ ഭരണ നേതൃത്വത്തോടും ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം ചേർന്ന യോഗമാണ് ഇടതുപക്ഷ ജനപ്രതിനിധികൾ ബഹിഷ്‌കരിച്ചതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
എം.പി സ്വന്തം നിലയ്ക്കാണ് എൻ.എച്ച്.എ.ഐ അധികൃതരും കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയത്. അതിന്റെ ഭാഗമായാണ് എം.എൽ.എ, നഗരസഭ അധികാരികൾ, സമരസമിതി ഭാരവാഹികൾ എന്നിവരുടെ യോഗം വിളിച്ചത്. എന്നാൽ പ്രസ്തുത യോഗത്തിൽ നിന്നും അവർ വിട്ടുനിന്ന ശേഷം വിമർശനവുമായി വരുന്നത് സ്വന്തം വീഴ്ചകൾ മൂടിവയ്ക്കാനാണ്. എട്ട് മാസം മുമ്പ് വരെ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ബൈപാസ് റോഡിൽ വൈദ്യുതി എത്തിക്കാത്തതിന്റെ ഉത്തരവാദിത്വം സ്ഥലം എം.എൽ.എയ്ക്കും നഗരസഭയ്ക്കും തന്നെയാണ്. പ്രദേശത്ത് വെളിച്ചം എത്തിക്കുക എന്ന പ്രാഥമിക ചുമതല പോലും നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയ നഗരസഭ സ്വന്തം വീഴ്ചയ്ക്ക് മറ്റുള്ളവരെ പഴിചാരുന്നത് അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.