ചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും ഇൻഡോർ സ്റ്റേഡിയം തുറന്നുകൊടുക്കാത്ത ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതീകാത്മക ഷട്ടിൽ മത്സരം നടത്തും. ഇന്ന് വൈകീട്ട് 4ന് സ്റ്റേഡിയത്തിന് മുൻപിൽ പ്രതീകാത്മ ഷട്ടിൽ മത്സരത്തിന് ഐക്യദാർഢ്യവുമായി എൽ.ഡി.എഫും രംഗത്തെത്തും. മുൻ എം.എൽ.എ ബി.ഡി.ദേവസിയുടെ ശ്രമഫലമായാണ് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നഗരസഭ വിട്ടുകൊടുത്ത സ്ഥലത്ത് കായികവകുപ്പ് പത്ത് കോടിയോളം രൂപ ചിലവിൽ ദേശീയ നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചത്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് തന്നെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ ഇപ്പോഴത്തെ കൗൺസിൽ ഇൻഡോർ സ്റ്റേഡിയം ഏറ്റെടുക്കാനോ കായികപ്രേമികൾക്ക് തുറന്നുകൊടുക്കാനോ തയ്യാറായില്ല. ബാസ്‌ക്കറ്റ്ബാൾ കോർട്ട്, വോളിബാൾ കോർട്ട്, ഷട്ടിൽ കോർട്ട്, ടേബിൾ ടെന്നീസ് കോർട്ട്, ഗാലറി, ഡ്രസിംഗ് റൂം, ഓഫീസ്, ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

അനാവശ്യ കാരണങ്ങൾ പറഞ്ഞും തെറ്റിദ്ധാരണ പരത്തിയും ഇൻഡോർ സ്റ്റേഡിയം ഏറ്റെടുക്കുന്നതിൽ നഗരസഭ ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണ്.
-സി.എസ്. വിനു
(നഗരസഭ എൽ.ഡി.എ.എഫ് ലീഡർ)