
ആറാട്ടുപുഴ: ആറാട്ടുപുഴ തറയ്ക്കൽ പൂരം നാളെ നടക്കും. ആറാട്ടുപുഴ ശാസ്താവ് പൂരദിവസം പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിച്ച് പിടിക്കപ്പറമ്പ് ക്ഷേത്രം വലംവെച്ച് ചാത്തക്കുടം ശാസ്താവിന് ഉപചാരം ചൊല്ലി പിരിയും. തുടർന്ന് പുഴയ്ക്കക്കരെ കടന്ന് കൂട്ടപറകൾ സ്വീകരിച്ച് ചാലുകീറൽ (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ നടത്തി ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് 4 ന് ചോരഞ്ചേടത്ത് മന, കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടും. വൈകീട്ട് 6.30ന് മതിൽ കെട്ടിന് പുറത്തേയ്ക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരന്മാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150 ൽപരം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം നാദവിസ്മയമാകും.
പടിഞ്ഞാറുനിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാൾ ഭഗവതിയും എഴുന്നള്ളിപ്പ് നടത്തും. പാണ്ടിമേളത്തിന് ശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. പറയെടുപ്പിന് ശേഷം ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും. രാത്രി 12ന് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. വഴി മദ്ധ്യേ ശാസ്താവിന് കീഴോട്ടുകര മനയ്ക്കൽ ഇറക്കിപൂജ. തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പും ശാസ്താവിന് ഉപചാരവും നടക്കും.
കൂട്ട പറനിറയ്ക്കൽ
ആറാട്ടുപുഴ : ശാസ്താവിന്റെ നടയിൽ തറക്കൽ പൂരം ദിവസം ആയിരങ്ങൾ കൂട്ടപ്പറ നിറയ്ക്കും. വൈകീട്ട് 6.30ന് തറയ്ക്കൽ പൂരത്തിന് എഴുന്നള്ളുന്ന ശാസ്താവ് 9 ഗജവീരന്മാരുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുമ്പോഴാണ് കൂട്ടപറ നിറയ്ക്കൽ. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പറനിറച്ച് തുടക്കം കുറിക്കും.