 
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പുല്ലൂറ്റ് എ.കെ. അയ്യപ്പൻ സി.വി. സുകുമാരൻ വായനശാല അംഗങ്ങൾ.
കൊടുങ്ങല്ലൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവം സമാപിച്ചു. പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമാപന സമ്മേളനം ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.എൻ. ദേവി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രഡേഷനിൽ താലൂക്കിൽ എ. പ്ലസ് ഗ്രേഡിന് അർഹരായ കളരിപറമ്പ് ഗ്രാമീണവായനശാല, എം.എ.എൽ.സി. എറിയാട്, ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല, സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തിന് അർഹരായ പുല്ലൂറ്റ് എ.കെ. അയ്യപ്പൻ സി.വി.സുകുമാരൻ വായനശാല എന്നിവരെ സമാപന ചടങ്ങിൽ ആദരിച്ചു.
വായനാ മത്സരങ്ങളിലും, സർഗോത്സവത്തിലും വിജയിച്ചവർക്കുള്ള സമ്മാന വിതരണവും സമാപന സമ്മേളനത്തിൽ നടന്നു. സർഗ്ഗോത്സവത്തിൽ പുല്ലൂറ്റ് എ.കെ. അയ്യപ്പൻ സി.വി. സുകുമാരൻ വായനശാല ഒന്നാം സ്ഥാനവും, കളരിപറമ്പ് ഗ്രാമീണ വായനശാല രണ്ടാംസ്ഥാനവും പനങ്ങാട് യുവതരംഗം ലൈബ്രറി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, ശ്രീനാരായണപുരം പഞ്ചായത്ത് അംഗം ടി.എസ്. ശീതൾ സംഘാടക സമിതി കൺവീനർ കെ.കെ. ഹരീഷ് കുമാർ, സമിതി ട്രഷറർ എം.എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു.