ചാലക്കുടി: രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ഗുണനിലവാര പരിശോധനയിൽ ചാലക്കുടി താലൂക്ക് ആശുപത്രി വീണ്ടും ദേശീയതലത്തിൽ അംഗീകാരം നേടി. മൂന്ന് വർഷം മുൻപ് ലഭിച്ച അംഗീകാരമാണ് തുടർച്ചയായ രണ്ടാം തണയും ആശുപത്രിയെ തേടിയെത്തിയത്. പ്രളയ ദുരന്തത്തെ അതിജീവിച്ചും കൊവിഡ് മഹാമാരിയെ നേരിട്ടും പ്രകടമാക്കിയ പ്രവർത്തനങ്ങളും അവാർഡ് ലഭ്യമാകുന്നതിന് തുണയായി. പ്രസ്തുത അംഗീകാരം ലഭിച്ച സംസ്ഥാനത്തെ 4 താലൂക്ക് ആശുപത്രികളിൽ ഒന്നാണ് ചാലക്കുടി. വി.ആർ. പുരം അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. എല്ലാവരുടേയും കൂട്ടായ പ്രവർത്തനമാണ് തുടർച്ചയായ നേട്ടങ്ങൾ കൈവരിക്കാനിടയാക്കിയതെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ എന്നിവർ പറഞ്ഞു.