road
പാലയ്ക്കലിൽ പൈപ്പ് പൊട്ടിയ നിലയിൽ.

ചേർപ്പ്: തൃശൂർ - തൃപ്രയാർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന പാലയ്ക്കലിൽ കലുങ്ക് പൊളിച്ചപ്പോൾ പാറളം പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടി. ഇന്നലെയാണ് സംഭവം നടന്നത്.

ഇതുമൂലം പഞ്ചായത്തിലെ 3000ത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയായി. ജലവിഭവ വകുപ്പും, പഞ്ചായത്തും, റോഡ് കരാറുകാരനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് - ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളായ ലിജീവ്, അനിത പ്രസന്നൻ, കെ.ബി. സുനിൽ, ജൂബി മാത്യു, സി.ആർ. ശ്രീജിത്ത് എന്നിവർ ആരോപിച്ചു. പ്രശ്നത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. ആറാട്ടുപുഴ, അയ്ക്കുന്ന്, വെങ്ങിണിശ്ശേരി എന്നിവിടങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.