എരുമപ്പെട്ടി: മങ്ങാട് ആറ്റത്ര, ആശാരിമുക്ക് മേഖലകളിൽ വീടുകളിൽ ചോരപ്പാടുകൾ കണ്ടത് ആശങ്കകൾക്കിടയാക്കുന്നു. വീടുകളുടെ മുറ്റത്തും റോഡിലും പരിസരങ്ങളിലുമായിട്ടാണ് ചോരപ്പാടുകൾ കണ്ടത്. പുത്തൂർ വീട്ടിൽ തോമസ് സിജോയുടെ വീട്ടിന്റെ പുറകു വശത്തുനിന്ന് പുലർച്ചെ ശബ്ദം കേട്ട് പുറത്തുവന്ന് നോക്കിയപ്പോൾ വാഷിംഗ് മെഷീൻ മറിച്ചിട്ട നിലയിൽ കണ്ടു. പരിസരത്ത് ചോരപ്പാടുകൾ ഉണ്ടായിരുന്നു. നീലങ്കാവിൽ ഡേവീസിന്റെ വീടിന്റെ പുറകിലും ടെറസിന് മുകളിലേയ്ക്ക് കയറുന്ന ഗോവണിയിലും ടെറസിന്റെ മുകളിലും ചോരപ്പാടുകളുണ്ട്. ഒറുവൻമാരിയിൽ മനോജിന്റെ വീടിന്റെ പുറകുവശത്ത് വെള്ളം വച്ചിരുന്ന ബക്കറ്റിലും പരിസരത്തും മുല്ലയ്ക്കൽ വിഷ്ണുലാലിന്റെ മുറ്റത്തും വീടിന്റെ ടെറസിനു മുകളിലും ആറ്റത്ര ഹരിദാസിന്റെ വീടിന്റെ മുറ്റത്തും വിളക്കുതല രാജീവിന്റെ മുൻവശത്തെ പൈപ്പിന് താഴെ വെള്ളം നിറച്ച ബക്കറ്റിലും അന്തിക്കാട്ടിൽ ജേക്കബിന്റെ വീട്ടുമുറ്റത്തും ആണ് ചോരപ്പാടുകൾ കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക്ക് ഉദ്യോഗസ്ഥരെത്തി രക്തസാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോയി.