 
ചാലക്കുടി: വനിതാ ജീവനക്കാരി മാനസികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച സംഘടന ഭാരവാഹികൾക്കെതിരെ മേലധികാരികൾ നടത്തുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ചാലക്കുടി ഡിവിഷൻ ഓഫീസിന് മുമ്പിൽ സായാഹ്ന ധർണ നടത്തി. പ്രതിഷേധ ജ്വാലയും തെളിച്ചു. പ്രതികളെ സംരക്ഷിക്കുന്ന മേലധികാരികൾക്കെതിരെ സമരം നടത്തിയ സംഘടനാ നേതാക്കളെ സ്ഥലം മാറ്റുകയും ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ എടുക്കുകയുമാണെന്ന്് സമരക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് എം.എസ്. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥലംമാറ്റം സംബന്ധിച്ച സർക്കാർ ഉത്തരവുകളും കാറ്റിൽ പറത്തി നടത്തിയ സ്ഥലംമാറ്റം റദ്ദാക്കുക, സോളാർ ഫെൻസിംഗിലും വന സംരക്ഷണ പ്രവൃത്തികളിലും പരിയാരം റേഞ്ച് ഓഫീസർ നടത്തുന്ന അഴിമതികൾ അന്വേഷിക്കുക, വനിതാ ജീവനക്കാർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എ. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറാർ പി. വിനോദ്, സംസ്ഥാന സെക്രട്ടറിമാരായ കെ.സി. ഡായി, ശ്രീകുമാർ, ജില്ലാ സെക്രട്ടറി വി.വി.ഷിജു , ജി.പി.സുനിൽകുമാർ, പി.ആർ. അരുൺ, പി. രവീന്ദ്രൻ, കെ.ബി. രാജുമോൻ എന്നിവർ പ്രസംഗിച്ചു.