തൃശൂർ: കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകുമോയെന്നും കോർപറേഷൻ ഭരണം താഴെവീഴുമോയെന്നുമുള്ള ചോദ്യങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ തൃശൂരിൽ ഉയർന്നത്. ഒടുവിൽ അവിശ്വാസത്തെ പിന്തുണയ്‌ക്കേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചു. അതോടെ ഇടതുമുന്നണിയ്ക്ക് ആശ്വാസം, കോൺഗ്രസിന് നിരാശ.
ഭരണം വീണാൽ ഉയിർത്തെഴുന്നേൽക്കാനുള്ള തന്ത്രം വരെ എൽ.ഡി.എഫ് മെനഞ്ഞിരുന്നുവത്രെ. ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ കൗൺസിലർമാരെ അവഹേളിക്കുന്നവിധം സി.പി.എമ്മിലെ ഒരുവിഭാഗം നിലപാടെടുത്തതാണ് പ്രശ്‌നം വഷളാക്കിയതെന്ന് ഇടതുമുന്നണിക്കുള്ളിലും വിമർശനം ഉയർന്നിട്ടുണ്ട്.
തങ്ങളുടെ നിർദ്ദേശം പൂർണമായും തള്ളിക്കളയുകയും വോട്ടിംഗ് അവകാശം പോലും തുടർച്ചയായി നിഷേധിക്കുകയും ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. മേയറുടെ ചേംബർ മോടിപിടിപ്പിക്കുന്ന പ്രവൃത്തി വ്യത്യസ്ത നിർമാണങ്ങളായി ചിത്രീകരിച്ച് പല കരാറുകളായി മുറിച്ചു നൽകിയെന്നും പ്രതിപക്ഷം വിമർശിക്കുന്നു.
തിരുവില്വാമല പഞ്ചായത്തിൽ ബി.ജെ.പിയുടെ പ്രസിഡന്റിനെ വീഴ്ത്താൻ സി.പി.എം മുൻകൈയെടുത്ത് കരുനീക്കിയതിൽ ബി.ജെ.പിയെ പ്രകോപിതരായിരുന്നു. സി.പി.എമ്മിനെതിരെ അവിശ്വാസ നീക്കമുണ്ടായാൽ ബി.ജെ.പി അനുകൂലിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി.
സി.പി.എമ്മിനെ മാറ്റി കോൺഗ്രസിനെ കൊണ്ടുവരുന്നതും കോൺഗ്രസ്സിനെ മാറ്റി സി.പി.എമ്മിനെ കൊണ്ടുവരുന്നതും ബി.ജെ.പിയുടെ നയപരിപാടിയല്ല. രണ്ട് പാർട്ടികളുടെയും തെറ്റായ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബി.ജെ.പി ആർക്കും പിന്തുണ നൽകില്ല. ബി.ജെ.പി ഈ നിലപാട് പിന്തുടരുന്നത് കൊണ്ടാണ് രണ്ട് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ 21 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും കോർറേഷനിലും ഭരണ സ്തംഭനം ഉണ്ടാകാത്തത്. ബി.ജെ.പി പാലിക്കുന്ന ഈ ജനാധിപത്യ മര്യാദ തിരുവില്വാമലയിൽ ഇടത് വലത് മുന്നണികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇത് ജനാധിപത്യ വിശ്വാസികൾ വിലയിരുത്തട്ടെ.
- അഡ്വ. കെ.കെ. അനീഷ്‌കുമാർ ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.
കൗൺസിലിനെ അവിശ്വാസ പ്രമേയത്തിലൂടെ മറിച്ചിടാമെന്ന കോൺഗ്രസിന്റെ മോഹം വെറും വ്യാമോഹമായി മാറി. അവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾക്ക് ലഭിക്കേണ്ട പല സേവനങ്ങളും നടപ്പിലാക്കേണ്ട വികസന പദ്ധതികളും വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കാണ്. ജനങ്ങൾക്കെതിരെ ആയിരുന്നു നിങ്ങളുടെ അവിശ്വാസം. ദേശീയതലത്തിൽ എന്ന പോലെ ഇവിടെയും ജനങ്ങൾ മറുപടി തരും.
- എം.കെ.വർഗീസ്, മേയർ
സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട് പരസ്യമായി. കൊടകര കുഴൽപ്പണ കേസ് അടക്കം ഒതുക്കി തീർക്കാമെന്നുള്ള ഒത്തുതീർപ്പിലെത്തിയതോടെയാണ് ബി.ജെ.പി വിട്ടുനിന്ന് സി.പി.എമ്മിനെ സഹായിച്ചത്. ഇപ്പോൾ പരാജയപ്പെട്ടാലും ആറ് മാസം കഴിഞ്ഞാൽ വീണ്ടും അവിശ്വാസം കൊണ്ടു വരും.
- രാജൻ പല്ലൻ, പ്രതിപക്ഷ നേതാവ്
കോൺഗ്രസിന്റെ അധികാരമോഹത്തിന് ലഭിച്ച തിരിച്ചടി: എൽ.ഡി.എഫ്
തൃശൂർ: നഗരത്തിന് കുതിപ്പേകാനുള്ള വികസനപദ്ധതികളുമായി മുന്നേറുന്ന കോർപറേഷനിലെ എൽ.ഡി.എഫ് ഭരണം അവിഹിതമാർഗ്ഗത്തിലൂടെ അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമമാണ് പരാജയപ്പെട്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോർപറേഷനിൽ ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ് വഴിവിട്ടമാർഗ്ഗങ്ങളിലൂടെ എൽ.ഡി.എഫിനെ പുറത്താക്കി അധികാരത്തിൽ വരാമെന്നാണ് കണക്ക് കൂട്ടിയത്. കോൺഗ്രസിന്റെ ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിന് കിട്ടിയ തിരിച്ചടിയാണ് ഈ പരാജയം. ജനഹിതമനുസരിച്ചുള്ള വികസന പ്രവർത്തനം നടത്തിയാണ് കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം നടത്തുന്നത്. കഴിഞ്ഞ ആറ് വർഷത്തിനകം 1200 കോടിയുടെ വികസനപദ്ധതികളാണ് കോർപറേഷനിൽ നടപ്പാക്കിയത്. 1500 പേർക്ക് വീടും ഭൂരഹിതരായ 250 പേർക്ക് 3 സെന്റ് ഭൂമിയും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനും നൽകാൻ പദ്ധതിയൊരുങ്ങിയിട്ടുണ്ടെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനർ എം.എം വർഗീസ് പറഞ്ഞു.
കൊടകര കുഴൽപ്പണ കേസ് ഒതുക്കിയതിന്റെ പ്രത്യുപകാരമെന്ന് കോൺഗ്രസ്
തൃശൂർ: കൊടകര കുഴൽപ്പണ കേസ് ഒതുക്കിയതിന്റെ പ്രത്യുപകാരമായാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പത്രസമ്മേളനത്തിൽ ആരോപിച്ചു. കോർപറേഷനിൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രകടമായ അടയാളമാണ് ഇത്. അവിശ്വാസ പ്രമേയ ചർച്ചയിൽ പോലും പങ്കെടുക്കാതെ സി.പി.എമ്മിനോടുള്ള കൂറു തെളിയിച്ച ബി.ജെ.പി നിലപാട് അഴിമതിപ്പണം വീതം വയ്ക്കുന്നതിന്റെ കൂടി തെളിവാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയും അദ്ദേഹത്തിന്റെ മകനെയും ജയിലിലടയ്ക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം പിന്നീട് എന്തിന്റെ പേരിലാണ് ഈ കേസിൽ നിന്നും സുരേന്ദ്രനെ ഒഴിവാക്കിയത്. പൈതൃക ഭൂമി വിഷയത്തിൽ കേസെടുക്കുമെന്ന് പറഞ്ഞതും, തിരുവില്വാമല വിഷയത്തിൽ പകരം ചോദിക്കും എന്ന് പറഞ്ഞതും ബി.ജെ.പി ജില്ലാ പ്രസിഡന്റാണ്. ഭൂമാഫിയയുമായി കൂട്ടുചേർന്ന് മാസ്റ്റർപ്ലാനിൽ നടത്തിയ കോടികളുടെ അഴിമതിയും, ടെൻഡർ വിളിക്കാതെ കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനം നടത്തിയതിലും ലഭിച്ച വൻ തുകകൾ ബി.ജെ.പിയും സി.പി.എമ്മും വീതം വെച്ചെടുത്തുവെന്നും ജോസ് വള്ളൂർ ആരോപിച്ചു. നഗരം കൊള്ളയടിക്കുന്ന ഈ കൂട്ടുകെട്ടിനെതിരെ 55 ഡിവിഷനുകളിലും അനിശ്ചിതകാല പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ജോസ് വള്ളൂർ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ , കെ.പി.സി.സി സെക്രട്ടറിയും നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജെയിംസ്, പാർലമെന്ററി പാർട്ടി ഉപനേതാവ് ഇ.വി.സുനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.