ആറാട്ടുപുഴ: ക്ഷേത്രത്തിൽ അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് ക്ഷേത്രപാലകന് ബലി തൂവുന്നതിന് മുമ്പ് വലിയ പാണി കൊട്ടി രാത്രി ഒമ്പതോടെ ശാസ്താവിനെ ഗ്രാമബലിക്കായി എഴുന്നള്ളിക്കും.
ഗോപുരത്തിലും വില്ലൂന്നിത്തറയിലും ബലിതൂവും. തുടർന്ന് കൈതവളപ്പ്, പല്ലിശ്ശേരി കവല, തേവർ റോഡ് ജംഗ്ഷൻ, കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, കിടായികുളങ്ങര, അയിനിക്കാട് , മുത്തുള്ളിയാൽ, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തകുടം, പിടിക്കപറമ്പ്, പിഷാരിക്കൽ ക്ഷേത്രങ്ങളിലും കവലകളിലും ബലി തൂവും. പിഷാരിക്കൽ കടവിൽ നിന്നും ശാസ്താവ് വഞ്ചിയിൽ പുഴ കടന്ന് പുഴയ്ക്ക് അക്കരെ ഗ്രാമാതിർത്തി സങ്കൽപിച്ച് ബലി തൂവി വഞ്ചിയിൽ തന്നെ ആറാട്ടുപുഴ ശാസ്താം കടവിലേക്ക് കടന്ന് ക്ഷേത്രത്തിലെത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിപ്പിക്കും. തുടർന്ന് ശാസ്താവിനെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിച്ചതിന് ശേഷം കൊടിയിറക്കി, കൊടിമരം മാറ്റി വടക്കേനടയിൽ മതിൽക്കെട്ടിനോട് ചേർത്തിടുന്നതോടെ പൂരം ചടങ്ങുകൾ സമാപിക്കും.