ഇരിങ്ങാലക്കുട ഠാണാ - ചന്തക്കുന്ന് വികസനം

ഇരിങ്ങാലക്കുട: ഠാണാ - ചന്തക്കുന്ന് വികസനം യാഥാർത്ഥ്യമാക്കുന്നതിന്റെ മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന് തുടക്കം കുറിച്ചു. കരട് റിപ്പോർട്ട് പത്ത് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് വിദഗ്ദ്ധ സംഘം അറിയിച്ചു. കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അസി. പ്രൊഫ കെ.വി. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്. 33 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ പൊതുജനാഭിപ്രായത്തിനായി അദാലത്ത് നടത്തും. ചർച്ചകൾ കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ആദ്യഘട്ട പ്രതികരണങ്ങൾ അനുകൂലമായിരുന്നുവെന്ന് ഇരുപതോളം പേരിൽ നിന്ന് തേടിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ പ്രൊഫ. കെ.വി. സെബാസ്റ്റ്യൻ പറഞ്ഞു. പദ്ധതി ബാധിതരായ വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ചോദ്യാവലിയിലൂടെ വിവരശേഖരണം പൂർത്തിയാക്കും. ഭൂമി വിട്ട് കൊടുക്കാനുള്ള സന്നദ്ധതയും ഭൂമിയുടെ വിശദാംശങ്ങളും കുടുംബാംഗങ്ങളുടെ വരുമാനവും ആരോഗ്യസ്ഥിതിയും അടക്കമുള്ള ചോദ്യങ്ങളാണ് ഫോറത്തിലുള്ളത്. തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട - ഠാണ ചന്തക്കുന്ന് റോഡ്. സാമൂഹികാഘാത പഠനം പൂർത്തിയാകുന്നതോടെ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സെക്രട്ടറി നീരജ് മാധവൻ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

വികസനം ഇങ്ങനെ

റോഡ് വികസനത്തിനായി 136.62 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ചന്തക്കുന്നിൽ മൂന്നുപീടിക റോഡിൽ 50 മീറ്ററും, കൊടുങ്ങല്ലൂർ റോഡിൽ സെന്റ് ജോസഫ്‌സ് കോളേജ് വരെയും, ഠാണാവിൽ തൃശൂർ റോഡിൽ ബൈപാസ് റോഡ് വരെയും, ചാലക്കുടി റോഡിൽ ഗവ. ആശുപത്രി വരെയുമാണ് വികസനം നടപ്പിലാക്കുന്നത്. നിലവിൽ ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടുന്ന ഠാണാ - ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാണ് ഏറ്റെടുക്കുന്നത്. ഇതിൽ 11.8 മീറ്റർ വീതിയിൽ റോഡും ബാക്കി 3.2 മീറ്റർ വീതിയിൽ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തിയാണ് വികസിപ്പിക്കുന്നത്. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിംഗ്, റിഫ്‌ളക്ടറുകൾ, സൂചനാ ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും.

ഠാണാ - ചന്തക്കുന്ന് വികസന പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥ‌ർ വ്യാപാരികളുമായി സംസാരിക്കുന്നു.