ചാലക്കുടി: പോട്ട പനമ്പിള്ളി കോളേജിന് സമീപം ഐനിക്കക്കുന്നിൽ നിന്നും കെട്ടിട നിർമ്മാണത്തിന്റെ മറവിൽ മണ്ണ് കടത്താനുള്ള നീക്കം തടയുന്നതിന് ചാലക്കുടി നഗരസഭാ കൗൺസിൽ തീരുമാനിച്ചു. കുന്നിടിച്ച് മണ്ണ് കൊണ്ട് പോകാനുള്ള നീക്കം തടയണമെന്ന വാർഡ് കൗൺസിലർ സൗമ്യ വിനേഷ്, നാട്ടുകാർ എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് കൗൺസിൽ തീരുമാനം. പ്രദേശത്തെ കുടുംബങ്ങൾക്കുള്ള പ്രധാന ജലസ്രോതസാണ് ഐനിക്കക്കുന്ന്. മാത്രമല്ല കെട്ടിട നിർമ്മാണത്തിന്റെ പേരിൽ കുന്നിന്റെ ഒരു ഭാഗം ഇടിക്കുന്നത് വർഷക്കാലത്ത് മണ്ണിടിച്ചലിന് കാരണമാകും. താഴെയുള്ള നിരവധി കുടുംബങ്ങൾക്ക് ഇതു ഭീഷണിയുമാണ്. കൗൺസിൽ വിലയിരുത്തി.
കൂടപ്പുഴ കുട്ടാടം പാടത്ത് കർഷകർ കൊയ്തു വച്ച നിരവധി ചാക്ക് നെല്ല് നശിപ്പിക്കുകയും കടത്തികൊണ്ടു പോവുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ സിന്ധുലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. പോൾ, നിതാ പോൾ, അഡ്വ. ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വി.ജെ. ജോജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.