പാവറട്ടി: വെങ്കിടങ്ങ് കരുവന്തല-ചക്കംകണ്ടം റോഡിൽ യാത്ര ദുഷ്‌ക്കരമായി. പൈപ്പിടുന്നതിന് വേണ്ടി ജല അതോറിറ്റിയാണ് പാടൂർ കൈതമുക്കിനടുത്ത് മസ്ജിദ് റഹ്മ മുതൽ കളിയാമാക്കൽ മുനമ്പ് കോളനി വരെ റോഡ് പൊളിച്ചത്. പൊളിച്ച ഭാഗം സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് നൽകാത്തതാണ് യാത്രാ ദുരിതത്തിന് കാരണം. ഗാർഹിക കണക്ഷൻ നൽകാൻ നാൽപ്പത് സ്ഥലത്ത് റോഡ് ക്രോസ് ചെയ്ത് പൊളിച്ച ഭാഗം ശരിയാംവിധം നികത്താതെ എല്ലാ വാഹനങ്ങളും കുഴികളിൽപ്പെടുന്നതിന് കാരണമായി. പൊടിശല്യം വേറേയും. പൈപ്പ് ഇട്ടതിനാൽ നൂറിനടുത്ത് ഗാർഹിക കണക്ഷൻ നൽകിക്കഴിഞ്ഞു. കരുവന്തല ചക്കംകണ്ടം റോഡിന്റെ രണ്ടാം റീച്ച് ബി.എം & ബി.സി നിലവാരത്തിൽ നിർമ്മാണം നടത്തുന്നതിന് മുമ്പായി ജലജീവൻ മിഷൻ പൈപ്പ്‌ലൈൻ ഇല്ലാത്ത ഭാഗത്ത് പൈപ്പിടുന്നതിന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ ജലജീവൻ മിഷൻ ഗുണഭോക്താക്കളിൽ നിന്ന് ഒപ്പ് വാങ്ങി സ്ഥലം എം.എൽ.എ.മുരളി പെരുനെല്ലിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജല അതോറിറ്റി ജോലികൾ ആരംഭിച്ചത്. പാവറട്ടി പഞ്ചായത്തിലെ പൊന്നാംകുളം മുതൽ കരുവന്തല വരെയാണ് രണ്ടാം റീച്ചിൽ റോഡ് പുതുക്കി പണിയേണ്ടത്. എന്നാൽ പൊന്നാംകുളം മുതൽ പാടൂർ കൈതമുക്കിനടുത്തും കരുവന്തല മുതൽ കളിയാമാക്കൽ മുനമ്പ് കോളനി വരെയും റോഡ് ബി.എം & ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കിയിട്ടുണ്ട്. അതിനിടയിലുള്ള 3.5 കിലോമീറ്റർ ദൂരമാണ് ഇനി ബാക്കിയുള്ളത്.

അടിയന്തരമായി റോഡിന്റെ രണ്ടാംഘട്ടം നിർമ്മാണം പൂർത്തിയാക്കണം.
-കെ.എ. ബാലകൃഷ്ണൻ
(സെക്രട്ടറി സി.പി.എം വെങ്കിടങ്ങ് വെസ്റ്റ് എൽ.സി)