 
കുന്നംകുളം: ഐ.ആർ.ടി.സിക്ക് നിർമ്മാണ പ്രവർത്തന ഫണ്ട് നൽകുന്നത് സംബന്ധിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. ബഹളത്തിനിടെ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. മുരളി കൗൺസിൽ ക്ലാർക്കിൽ നിന്നും മൂന്നു തവണ കൗൺസിൽ അജണ്ട വാങ്ങി കീറിക്കളയാൻ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി. 2010ൽ ആധുനിക അറവുശാല നിർമ്മാണം ഏറ്റെടുത്തെങ്കിലും പൂർത്തീകരിക്കാൻ ഐ.ആർ.ടി.സിക്ക് കഴിഞ്ഞിരുന്നില്ല. ചുറ്റുമതിൽ നിർമ്മാണത്തിന് ചെലവായ 2,52, 679 രൂപ കഴിച്ച് ബാക്കി തുകയായ 20,47,321 രൂപ തിരിച്ചടക്കാൻ അംഗികാരം നൽകുന്ന അജണ്ടയെച്ചൊല്ലിയാണ് ആദ്യ ബഹളത്തിന് കാരണമായത്. വർഷങ്ങൾക്ക് ശേഷം പണം തിരിച്ചടക്കുന്ന ഐ.ആർ.ടി.സിയിൽ നിന്നും നഷ്ടപരിഹാരമായി പലിശ ഈടാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ പലിശ ഈടാക്കുന്നതിന് നിയമപരമായി പരിരക്ഷയില്ലെന്ന് സി.പി.എമ്മിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ് സൂചിപ്പിച്ചു. ഇത് സംബന്ധിച്ചുള്ള വാദ പ്രതിവാദങ്ങൾക്കിടെ ബി.ജെ.പി ലീഡർ കെ.കെ. മുരളി കൗൺസിലർ ക്ലാർക്ക് ദിലീപിൽ നിന്നും അജണ്ട വാങ്ങി കീറിക്കളയാൻ ശ്രമിച്ചത് കൂടുതൽ പ്രകോപനത്തിന് ഇടയാക്കി. പ്രതിപക്ഷ ആവശ്യപ്രകാരം വോട്ടിംഗിലൂടെയാണ് ഐ.ആർ.ടി.സിയിൽ നിന്നും 20,47,321 രൂപ തിരിച്ചടയ്ക്കാൻ അനുമതിക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചത്.
എന്നാൽ ഐ.ആർ.ടി.സിക്ക് നഗരസഭ ഗ്രീൻ പാർക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിൽ നഗരസഭാ നൽകാനുള്ള 6,73,361 രൂപ അനുവദിക്കുന്ന വിഷയം ചർച്ച കൂടാതെയാണ് പ്രതിപക്ഷം പാസാക്കിയത്. കൊവിഡ് കാലത്ത് രോഗികൾക്ക് ഡി.സി.സി സെന്ററിലേക്ക് ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിന് ഫണ്ട് അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ അഴിമതി ആരോപണം ഉന്നയിച്ചത് വീണ്ടും ബഹളത്തിനിടയാക്കി. വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ പറഞ്ഞു. അടച്ചിട്ടിരുന്ന കുട്ടികളുടെ പാർക്ക് ഏപ്രിൽ തുറക്കുമെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.