ചാലക്കുടി: നിർമ്മാണം പൂർത്തിയായിട്ടും നഗരസഭ തുറന്നു കൊടുക്കാത്ത ഇൻഡോർ സ്‌റ്റേഡിയത്തിന് മുൻപിൽ പ്രതീകാത്മക ഷട്ടിൽ മത്സരം നടത്തി പ്രതിപക്ഷ കൗൺസിലർമാർ. 9.5 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ, ചാലക്കുടി നഗരസഭയ്ക്ക് വേണ്ടി സ്‌റ്റേഡിയം നിർമ്മിച്ചിട്ട് നൽകിയിട്ട് ഒന്നര വർഷമായെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് യു.ഡി.എഫ് ചെയർമാൻ തുറന്നു കൊടുക്കാതിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാരും ഭരണ സമിതിയുമാണ് ഇതിനുവേണ്ടി പ്രവർത്തിച്ചതെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ യു.ഡി.എഫ് ഭരണ സമിതിക്കാവുന്നില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കി നിർമ്മിച്ച സ്റ്റേഡിയം നശിക്കാൻ ഇട്ടിരിക്കുന്നത് നാടിനോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സ്റ്റേഡിയത്തിന് മുൻപിൽ നടത്തിയ ഷട്ടിൽ മത്സരം സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്്തു. സി.എസ്. സുരേഷ് അദ്ധ്യക്ഷനായി. വി.ജെ. ജോജി, ബിജി സദാനന്ദൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന കരാത്തെ മത്സരം നടത്തും
സംസ്ഥാന കരാത്തെ മത്സരത്തിന് സ്‌റ്റേഡിയം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചെന്നും താത്ക്കാലികമായി അനുവാദം നൽകുമെന്നും ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു. പ്രതീകാത്മക സമരത്തിന് മുൻപ് പ്രസ്തുത വിഷയത്തിൽ തീരുമാനം എടുത്തുവെന്ന നേട്ടത്തിന് വേണ്ടിയാണ് ചെയർമാന്റെ തന്ത്രമെന്ന് എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷ് മറുപടി പറഞ്ഞു. താത്ക്കാലിക മത്സരത്തിന് മാത്രമല്ല, തുടർന്ന് കായിക മേളകൾക്ക് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.