പാവറട്ടി: കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. ബാക്ടീരിയ മൂലം ഇലകരിച്ചിൽ, കുമിൾ ബാധമൂലം നെന്മണികളിൽ നിറവ്യത്യാസം, പോള രോഗം എന്നിവ നേരിട്ട കർഷകർക്ക് വിള ഇൻഷ്വറൻസ് പദ്ധതി വഴി അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി പി. പ്രകാശ് നിയമസഭയിൽ അറിയിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നെൽക്കൃഷിക്കുണ്ടാകുന്ന കീടരോഗ ബാധ വിള ഇൻഷ്വറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദഗ്ദ്ധ സംഘം നിർദേശിച്ച പരിഹാര നടപടികൾ പാടശേഖരത്തിൽ സ്വീകരിച്ചിട്ടുണ്ട്. രോഗ തീവ്രതയനുസരിച്ച് 80 ശതമാനം മുതൽ 100 ശതമാനം വരെ വിള നാശമുണ്ടാകാമെന്നും കണ്ടെത്തിയിരുന്നു. പരിഹാര നടപടികൾക്കായി മണലൂർ മണ്ഡലത്തിലേയ്ക്ക് 2.79 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. മതുക്കര, എലവത്തൂർ, മണൽപുഴ, കണ്ണോത്ത്, കോഞ്ചിറ, ഏലമുത, പൊണ്ണമുത, പറപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് വിളനാശം ഉണ്ടായത്. 17 പാടശേഖരങ്ങളിലായി 863.068 ഹെക്ടർ ഭാഗത്ത് 1165 കർഷകർക്കാണ് വിളനാശം ഉണ്ടായത്.