bjp

തൃശൂർ: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനീഷ്‌കുമാർ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്ര 18, 19 തിയതികളിൽ കുന്നംകുളം മുതൽ ഇരിങ്ങാലക്കുട വരെ നടക്കും. 18 ന് രാവിലെ 9 ന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മെട്രോമാൻ ഇ.ശ്രീധരൻ യാത്ര ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ മുഖ്യപ്രഭാഷണം നടത്തും. 18 ന് വൈകിട്ട് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെ പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സംസാരിക്കും. 19 ന് രാവിലെ തൃശൂരിൽ നിന്ന് തുടങ്ങി വൈകിട്ട് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് പദയാത്രയുടെ സമാപന പൊതുയോഗം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ പി.കെ.കൃഷ്ണദാസ്, സി.കൃഷ്ണകുമാർ, എ.എൻ.രാധാകൃഷ്ണൻ, സി.സദാനന്ദൻ മാസ്റ്റർ, അഡ്വ.നാരായണൻ നമ്പൂതിരി, ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പദയാത്രയിൽ പങ്കെടുക്കും.

ഒരേസമയം 5,000 പ്രവർത്തകർ അണിനിരക്കും. സിൽവർലൈൻ ഇരകളും കുടുംബസമേതം അണിചേരും. ജില്ലയിൽ കുടിയിറക്കപ്പെടുന്ന 8,000 കുടുംബങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമിക്കും. ജാഥയുയർത്തുന്ന ആശയങ്ങൾ വിശദീകരിച്ച് നാടൻപാട്ടും, ഓട്ടൻ തുള്ളലും കവിതാലാപനവുമുണ്ടാകും. വിളംബരമായി 2,000 ബൂത്ത് കേന്ദ്രങ്ങളിൽ പതാകദിനം നടത്തി. അഡ്വ.കെ.കെ.അനീഷ്‌കുമാർ, മീഡിയാ ഇൻചാർജ്ജ് അഡ്വ.രവികുമാർ ഉപ്പത്ത്, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.