jaljeevan

തൃശൂർ: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രകാരം 2024നകം ജില്ലയെ സമ്പൂർണ്ണ കുടിവെള്ള ജില്ലയാക്കി മാറ്റാനുള്ള ഒരുക്കം സജീവം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽ നിന്നും പരമാവധി കുടിവെള്ള കണക്ഷൻ നൽകി നിലവിലുള്ള പദ്ധതികളുടെ വിപുലീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം പദ്ധതികളിൽ നിന്നുമുള്ള കണക്ഷനുകളാണ് കഴിഞ്ഞ കാലയളവിൽ പ്രധാനമായും നൽകിയത്. ഇതോടൊപ്പം നിലവിൽ പദ്ധതികളില്ലാത്ത പ്രദേശങ്ങൾക്കായി പുതിയ പദ്ധതി വിഭാവനം ചെയ്ത് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ഗ്രാമീണ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള പദ്ധതികൾക്ക് അനുമതി ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സമഗ്ര കുടിവെള്ള പദ്ധതികളുടെ നിർവഹണത്തിന് താരതമ്യേന കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ പദ്ധതികളിൽ നിന്നുമുള്ള കണക്ഷൻ പൂർണതോതിൽ നൽകിത്തുടങ്ങിയിട്ടില്ല. പദ്ധതി നിർവഹണത്തിൽ ജീവനക്കാരെ സഹായിക്കാനായി വോളന്റിയർമാരെ ഏർപ്പെടുത്തി പ്രവൃത്തികൾ തടസം കൂടാതെ നടപ്പിലാക്കാനുള്ള നടപടികൾ തുടക്കം മുതൽ സ്വീകരിച്ചിരുന്നു. നിർവഹണ പുരോഗതി വിവിധതലങ്ങളിൽ നിരന്തരം അവലോകനം നടത്തുന്നുണ്ട്. പുതിയ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ള കണക്ഷൻ പൂർണതോതിൽ നൽകിത്തുടങ്ങുന്നതോടെ വരുന്ന 24 മാസത്തിനുള്ളിൽ ജലജീവൻ മിഷൻ പദ്ധതിയുടെ സമ്പൂർണ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

തടസങ്ങൾ

പദ്ധതി നിർവഹണത്തിനുള്ള സ്ഥല ലഭ്യതക്കുറവ്
റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതിക്കുള്ള കാലതാമസം
പി.വി.സി പൈപ്പുകളുടെ വിലവർദ്ധന

തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് പരിശീലനം

ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന കീ റിസോഴ്‌സ് സെന്റർ ലെവൽ ത്രീ ജില്ലാതല ചതുർദിന പരിശീലന പരിപാടി ജില്ലയിൽ നടത്തി. അന്ത്യോദയ പദ്ധതിയുടെ തൃശൂർ, അങ്കമാലി ഘടകങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിശീലനത്തിൽ ജില്ലയിലെ കൊടകര, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ 11 പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ, ഐ.എസ്.എ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സി.ഡി.എസ് പ്രതിനിധികൾ എന്നിവർ പങ്കാളികളായി. ഇരിങ്ങാലക്കുട ബ്ലോക്കിലെ കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളും കൊടകര ബ്ലോക്കിലെ മറ്റത്തൂർ, അളഗപ്പനഗർ, വരന്തരപ്പള്ളി, കൊടകര, പുതുക്കാട്, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകളുമാണ് ആദ്യ ബാച്ച് പരിശീലനത്തിൽ പങ്കെടുത്തത്. പരിശീലന പരിപാടി കളക്ടർ ഉദ്ഘാടനം ചെയ്തു.

ജലജീവൻ മിഷനിലൂടെ 2024നുള്ളിൽ ജില്ലയെ സമ്പൂർണ്ണ കുടിവെള്ള ജില്ലയാക്കി മാറ്റാനാകും. പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിലൂടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുടിവെള്ള സ്വാശ്രയത്വം ഉറപ്പു വരുത്തിയാണ് ഇത് യാഥാർത്ഥ്യമാക്കുക. ജലജീവൻ മിഷന്റെ പങ്കാളിത്തം നഷ്ടപ്പെട്ടു പോകാൻ അനുവദിക്കരുത്.

ഹരിത വി. കുമാർ
കളക്ടർ.