ഒല്ലൂർ: പ്രസിദ്ധമായ എടക്കുന്നി ഉത്രം വിളക്ക് മഹോത്സവം ഇന്ന് നടക്കും. വൈകീട്ട് 6 മണിക്ക് ചുറ്റുവിളക്ക്, 108 മാല, ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പഞ്ചവാദ്യം ഒല്ലൂർ സെന്ററിലെ പന്തലിലെത്തി 10 മണിയോടെ ക്ഷേത്രനടയിൽ സമാപിക്കും. തുടർന്ന് രാത്രി 11 മണിക്ക് കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നീ ചടങ്ങുകൾക്ക് ശേഷം പുലർച്ചെ ഒരു മണിയോടെ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പ്രസിദ്ധമായ എടക്കുന്നി പഞ്ചാരിക്ക് തുടക്കമാകുന്നു. 5 മണിക്കൂറോളം നീണ്ടുനിൽക്കുന്ന പഞ്ചാരി ആസ്വദിക്കാൻ നിരവധിപേർ ക്ഷേത്രത്തിലെത്താറുണ്ട്. നാളെ രാവിലെ കൊടി ഇറക്കുന്നതോടെ ഉത്രം വിളക്ക് ചടങ്ങുകൾക്ക് സമാപ്തിയാകും.