 
സമരവഴിയിൽ നാട്ടുകാരും ജനകീയ സമിതിയും
തൃപ്രയാർ: വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തോട് എന്തിനീ അവഗണന..? രോഗികൾ മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം ചോദിക്കുന്നു. വലപ്പാട്, നാട്ടിക ഉൾപ്പെടെയുള്ള തീരദേശ പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയെ അവഗണിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായെന്നാണ് പരിഭവം.
ബഡ്ജറ്റിൽ ഇക്കുറിയും വലപ്പാട് ആശുപത്രിക്ക് തുക വകയിരുത്താതെ വന്നതോടെ പ്രതിഷേധം അണപൊട്ടി. നാട്ടുകാരുടെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിലുള്ള ജനകീയ സമരസമിതിയാണ് പ്രതിഷേധപരിപാടികൾക്ക് രൂപം നൽകിയത്. സമരസമിതി വളണ്ടിയർമാർ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ആശുപത്രിപ്പടിയിൽ റിലേ നിരാഹാര സത്യഗ്രഹവും ആരംഭിച്ചു.
ബഡ്ജറ്റിൽ തുക വകയിരുത്താതെ വന്നതിനെ തുടർന്ന് ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം നിയമസഭാ ബഡ്ജറ്റ് സമ്മേളനം അവസാനിക്കുന്ന ഇന്ന് സമാപിക്കും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സമരസമിതി ചെയർമാനുമായ കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത സത്യഗ്രഹം നാലുദിവസം പിന്നിട്ട ശേഷമാണ് ഇന്ന് അവസാനിക്കുന്നത്.
താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ച് ഒന്നരവർഷമായി ജനകീയ സമരസമിതി സമരത്തിലാണ്. പതിനായിരം പേർ ഒപ്പിട്ട ഭീമഹർജി ആരോഗ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നിട്ടും അവഗണനയാണ് ഫലമെന്നാണ് സമരക്കാരുടെ പരാതി. രാഷ്ട്രീയ നേതൃത്വം പക്വത കാണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കെ. ഗോവിന്ദൻ മാസ്റ്റർ, ആർ.ഐ. സക്കറിയ, പി.എൻ പ്രൊവിന്റ്, കെ.ജി. സുരേന്ദ്രൻ, ടി.എ. പ്രേംദാസ് തുടങ്ങിയവരാണ് ജനകീയ സമരസമിതിയുടെ നേതൃനിരയിലുള്ളത്.
എം.എൽ.എയ്ക്ക് പ്രാദേശികവാദം
നാട്ടിക മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് അഞ്ച് മുതൽ 25 കോടി വരെ ബഡ്ജറ്റിൽ അനുവദിച്ചപ്പോൾ വലപ്പാട് ആശുപത്രിക്ക് കിട്ടിയത് വട്ടപൂജ്യം. വലപ്പാട് ആശുപത്രിയെ സി.സി. മുകുന്ദൻ എം.എൽ.എ അവഗണിക്കുകയാണെന്നും പ്രാദേശികവാദമാണ് 97 വർഷം പൂർത്തിയാക്കിയ ആശുപത്രിയെ അവഗണിക്കാൻ കാരണമെന്നുമാണ് സമരസമിതിക്കാരുടെ പക്ഷം.
ഇതെന്ത് ഗതി
ആയിരത്തിലധികം രോഗികൾ ഒ.പിയിൽ നിത്യേന എത്തുന്നതാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വലപ്പാട് ആശുപത്രി. മൂന്നു ഡോക്ടർമാർ മാത്രമാണുള്ളത്. രാവിലെ മാത്രമാണ് ഇവരുടെ സേവനം. അപകടങ്ങളും അത്യാഹിതങ്ങളും വന്നാൽ മറ്റ് രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാകില്ല. പ്രസവവും കിടത്തിച്ചികിത്സയും പോസ്റ്റുമോർട്ടവും പോഷകാഹാര വിതരണവും പേവാർഡും ലഭ്യമായിരുന്ന ആശുപത്രിയുടെ ഇന്നതെ ഗതിയാണിത്.
97 വർഷം പൂർത്തിയാക്കിയ ആശുപത്രി കടുത്ത അവഗണന നേരിടുന്നു. ചികിത്സാവിഭാഗം അടിയന്തരമായി സജ്ജമാക്കണം. 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കണം.
- ആർ.ഐ. സക്കറിയ, ചെയർമാൻ ജനകീയ സമരസമിതി
അടിസ്ഥാന സൗകര്യം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും. സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങൾക്കായി 5 കോടി രൂപ നബാർഡിൽ നിന്നും ലോണെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കുന്നതിന് 25 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി. എക്‌സ് റേ ഡിജിറ്റൽ കളർ സംവിധാനം എർപ്പെടുത്തുന്നതിനും തുക മാറ്റിവച്ചിട്ടണ്ട്. താലൂക്ക് ആശുപത്രിയാക്കുന്നതിന് പരിമിതിളുണ്ട്.
- കെ.സി. പ്രസാദ്, പ്രസിഡന്റ് തളിക്കുളം ബളോക്ക് പഞ്ചായത്ത്