petrol

തൃശൂർ: ഉപഭോക്തൃ ബോധവത്കരണ പദ്ധതികളായ ജാഗ്രത, ക്ഷമത എന്നിവ പ്രകാരം സംസ്ഥാനത്തെ 50,000 വ്യാപാരസ്ഥാപനങ്ങളിലും 1.000 പെട്രോൾപമ്പുകളിലും 100 ദിവസത്തിനുള്ളിൽ പരിശോധന നടത്തും. ജില്ലയിലും പദ്ധതികൾക്ക് തുടക്കം കുറിച്ചു. വ്യാപാരസ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും വിലനിലവാരം പ്രദർശിപ്പിക്കൽ, അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവെയ്പ്, നിയമാനുസൃതമല്ലാത്ത പായ്ക്കറ്റുകളുടെ വിൽപ്പന എന്നിവ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുകയും നോട്ടീസ് നൽകുകയും പരിഹരിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന പദ്ധതികളാണിവ.
സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലും സ്‌ക്വാഡ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് എ.ഡി.എം. റെജി പി ജോസഫും നിർവഹിച്ചു.