tottipal-pahal-pooram
നടപ്പന്തലിലെ പഞ്ചാരിമേളത്തോടെയുള്ള തൊട്ടിപ്പാൾ ഭഗവതിയുടെ പൂരം.

തൊട്ടിപ്പാൾ: തൊട്ടിപ്പാൾ ഭഗവതിയുടെ പ്രസിദ്ധമായ പകൽപ്പൂരം ഭക്തിസാന്ദ്രമായി. രാവിലെ 7.30ന് പാണി കൊടി ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ചതോടെ പകൽപ്പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. മൂന്ന് ഗജവീരന്മാരോടു കൂടി പുറത്തേയ്ക്ക് എഴുന്നള്ളിച്ച് വടക്കുഭാഗത്തുള്ള കുളക്കരയിൽ ശ്രീമൂലസ്ഥാനം ദർശിച്ച് തെക്കാട്ട് തിരിഞ്ഞ് നിന്ന ശേഷം പഞ്ചവാദ്യം ആരംഭിച്ചു. പറകൾ സ്വീകരിച്ചശേഷം 9.30 ഓടെ ക്ഷേത്രനടയിലെത്തി കിഴക്കോട്ട് തിരിഞ്ഞ് എഴ് ഗജവീരന്മാരുടെ അകമ്പടിയോടെ പന്തലിലെത്തിയ ശേഷം പഞ്ചവാദ്യം അവസാനിച്ചു. തുടർന്ന് പാണ്ടി കൊട്ടി കിഴക്ക് ആൽത്തറയ്ക്കൽ എത്തി ക്ഷേത്രത്തിന് അഭിമുഖമായി നിന്നു. പാണ്ടിക്കുശേഷം വിസ്തരിച്ചുള്ള കേളി, കുഴൽപറ്റ്, കൊമ്പുപറ്റ് എന്നിവയ്ക്കു ശേഷം പെരുവനം സതീശൻ മാരാർ, പെരുവനം ശിവൻ മാരാർ, പെരുവനം പ്രകാശൻ മാരാർ, പെരുവനം ശങ്കരനാരായണൻ മാരാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രശസ്തരായ 120ൽപരം വാദ്യ കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം ആരംഭിച്ചു. 1.30 ഓടെ നടപ്പന്തലിലെത്തി മേളം അവസാനിച്ചു. തുടർന്ന് ചെമ്പട കൊട്ടി മതിൽക്കകത്ത് പ്രവേശിച്ച് ക്ഷേത്ര പ്രദക്ഷിണം വച്ച് അകത്തേയ്ക്ക് എഴുന്നള്ളിച്ചതോടെ 1440-ാമത് തൊട്ടിപ്പാൾ പകൽപ്പൂരം സമാപിച്ചു.