
ഇരിങ്ങാലക്കുട: വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്ത സഹപാഠിക്ക് നടുറോഡിൽ കുത്തേറ്റ സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് വധശ്രമത്തിന് കേസെടുത്തു. കാറളം സ്വദേശിയായ ഷാഹീർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥിനിയുടെ സഹപാഠി ചേലൂർ സ്വദേശി ടെൽസണാണ് (19) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ നഗരമദ്ധ്യത്തിലുള്ള കോളേജിലേയ്ക്ക് വരികയായിരുന്ന കരുവന്നൂർ സ്വദേശിയായ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ പ്രതികൾ തടഞ്ഞുനിറുത്തി ഉപദ്രവിക്കുകയായിരുന്നു.
ടെൽസൺ ഇതു ചോദ്യം ചെയ്തതോടെ പ്രതികൾ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തി. ടെൽസണിന്റെ വയറ്റിലും നെഞ്ചിലുമായി മൂന്ന് കുത്തേറ്റു. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ മറ്റൊരു വാഹനവുമായി ഇടിച്ചതോടെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. നാടൻ ബോംബ് നിർമ്മാണ കേസിലെ പ്രതിയാണ് ഷാഹീർ. വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥനയുമായി ഷാഹീർ നിരന്തരം ശല്യം ചെയ്തിരുന്നു. ലോട്ടറി വിൽപ്പനക്കാരാണ് പ്രതികൾ. ടെൽസൺ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.