ചാലക്കുടി: കൊടും വരൾച്ചയിലേയ്ക്ക് നീങ്ങുന്ന കാലാവസ്ഥ കർഷകർക്ക് വീണ്ടും ദുരിതമാകുന്നു. പരിയാരം മേഖലയിലെ നൂറുകണക്കിന് കർഷകർ ഇന്ന് കനത്ത ആശങ്കയിലാണ്. ഇതുവരേയും വേനൽമഴ ലഭിച്ചില്ല, നിരത്തിലിറക്കിയ വിളകൾ വെള്ളമില്ലാതെ വാടിത്തളരുന്നു. ഇതെല്ലാം കണ്ട് വേവലാതിപ്പെടുകയാണ് ഇവരെല്ലാം. കപ്പത്തോടിനെ ആശ്രയിച്ച് കൃഷിയിറക്കിയവർക്ക് ഒരുപരിധിവരെ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും വാടിത്തളർന്ന നിലയിലാണ് വിളകളുടെ നിൽപ്പ്. ഉത്പ്പാദനത്തിന്റെ അളവ് ഗണ്യമായി കുറയുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഒരേക്കർ സ്ഥലത്ത് നട്ട പയറ് രണ്ടു മാസത്തോളം വിളവെടുക്കുമ്പോൾ സാധാരണ ഒന്നര ടണ്ണുണ്ടാകുമെന്നാണ് കണക്ക്. എന്നാൽ കടുത്ത വേനലിൽ ഇത് ഒന്നിൽ താഴെയാകും. വാഴക്കൃഷിയുടെ വിളവെടുപ്പും പ്രതിസന്ധിയിലായി. കുമ്പളം, വെണ്ട, മത്തൻ തുടങ്ങിയവയേയും പൊള്ളുന്ന കാലാവസ്ഥ വെറുതെ വിടുന്നില്ല. ഇതിനിടെ വളങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റവും കർഷകർക്ക് കൂനിന്മേൽ കുരുവായി. ആദ്യം പ്രളയം, പിന്നീട് അതിവർഷം. പ്രകൃതി ദുരിതങ്ങൾ ഒത്തിരി അനുഭവിച്ചവരാണ് പരിയാരത്തെ കർഷകർ. ഇപ്പോഴത്തെ കത്തുന്ന വേനലും ഇവരെ വെറുതെ വിടുന്നില്ല. മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ കർഷകരും ആശങ്കയിലാണ്. വേനലിന്റെ തീവ്രതയിൽ മൂപ്പെത്താത്ത കായകൾ ഭൂരിഭാഗവും കൊഴിഞ്ഞു വീഴുന്നത് ഇവരേയും അങ്കലാപ്പിലാക്കുന്നു. കാഞ്ഞിരപ്പിള്ളി, തൃപ്പാപ്പിള്ളി, മോതിരക്കണ്ണി തുടങ്ങിയ ഉയർന്ന പ്രദേശത്തെ കാർഷിക വിളകൾ ഒട്ടും വെള്ളമില്ലാതെ തകരുകയാണ്.

പ്രളയവും കൊവിഡ് മഹാമാരിയും തീർത്ത ദുരിതത്തിൽ നട്ടം തിരിയുന്ന കർഷകർക്ക് ഇപ്പോഴത്തെ കത്തുന്ന വേനൽ താങ്ങാൻ കഴിയാത്തതാണ്.

-ജി.എൽ. പോളി
(കുറ്റിക്കാട്ടെ കർഷകൻ)