കാഞ്ഞാണി: നിയമലംഘനവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മണലൂർ പഞ്ചായത്ത് ആറാം വാർഡ് അംഗം ടോണി അത്താണിക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ സമരപരമ്പര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ.
ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നാലുമരങ്ങൾ മുറിക്കുകയും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്ത ജനപ്രതിനിധി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഭാരവാഹികൾ പറഞ്ഞു. മാർച്ച് 18 മുതൽ 31 വരെ പഞ്ചായത്തിന് മുന്നിൽ ധർണ സംഘടിപ്പിക്കും. സമര പരമ്പരകളുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കാഞ്ഞാണി സെന്ററിൽ സമര പ്രഖ്യാപന പൊതുയോഗം നടക്കും. സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.
സമരത്തിലൂടെ ലക്ഷ്യം നേടാനായില്ലെങ്കിൽ സമരരീതികൾ മാറും. ആവശ്യമായ ഇടപെടലിന് ജലസേചന വകുപ്പ്, പൊലീസ് അധികൃതർ തയ്യാറായില്ലെങ്കിൽ ഇരുവിഭാഗങ്ങളുടെയും ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നത് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എൽ.ഡി.എഫിന് തീരുമാനിക്കേണ്ടി വരുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വി.എൻ. സുർജിത്ത്, പി.കെ. അരവിന്ദൻ, എം.ആർ. മോഹനൻ, വി.വി. പ്രഭാത്, രാഗേഷ് കണിയാംപറമ്പിൽ, വി.ജി. രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയമായും നിയമപരമായും നേരിടും
50 വർഷമായി എൽ.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന വാർഡ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് മണലൂർ പഞ്ചായത്ത് ആറാം വാർഡ് അംഗത്തിനെതിരെ നിരന്തരം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് മണലൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.വി. അരുൺ പ്രതികരിച്ചു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.